മുംബൈ : നിസര്‍ഗ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മുംബൈയില്‍ നിന്നു 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് കര തൊട്ടത്. റായ്ഗഡിലും അലിബാഗിലും വ്യാപകനാശം. മുംബൈ നഗരത്തില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. മുംബൈ വിമാനത്താവളം അടച്ചു. ചേരികളില്‍ വെള്ളക്കെട്ട് ആയതോടെ ജനജീവിതം ദുരിത നടുവിലായി. വൈദ്യുതി, ഫോണ്‍ ലൈനുകള്‍ താറുമാറായി, താനെയില്‍ നടപ്പാലം തകര്‍ന്നു. അലിബാഗില്‍ കടല്‍ക്ഷോഭവും പേമാരിയുമാണ്. മുംബൈയില്‍ ഉയര്‍ന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നു. അടുത്ത മൂന്നു മണിക്കൂര്‍ നിസര്‍ഗ മുംബൈ തീരത്ത് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടലാക്രമണവും രൂക്ഷമാകും. കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെയാണ് മുംബൈ നേരിടുന്നത്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തീരപ്രദേശങ്ങളില്‍നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്രിയില്‍നിന്ന് 40,000ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചെന്നാണ് ദുരന്ത നിവാരണ സേന അധികൃതര്‍ അറിയിച്ചത്. ഇതുവരെ സംസ്ഥാനം അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളില്‍ ഏറ്റവും ഭീകരമാണ് നിസര്‍ഗയെന്നും എല്ലാവരും സുരക്ഷിതമായി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ഥിച്ചു.
Post Your Comments