പത്തനംതിട്ട • അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കും വിധം സാമൂഹ്യ മാധ്യമങ്ങളിലൂടെയും, എസ്എംഎസ് വഴിയും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ഏഴു ദിവസത്തിനകം തിരികെ പോകുന്നെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ലെങ്കിലും, സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിബന്ധനകളും പാലിക്കണം. ആരാധനാലയങ്ങളില്‍ തല്‍സ്ഥിതി തുടരണം. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയുള്ള രാത്രിയാത്രാ നിരോധനം തുടരുകയാണ്. ഈ സമയങ്ങളില്‍ വളരെ അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍നിന്നുള്ള പാസിന്റെ അടിസ്ഥാനത്തില്‍ മാത്രം അനുവദിക്കും.
അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പകല്‍ സമയങ്ങളില്‍ പാസ് വേണ്ടതില്ല. നാലു ചക്ര, മുച്ചക്ര വാഹനങ്ങളില്‍ അനുവദിക്കപ്പെട്ട എണ്ണം യാത്രക്കാരുമായി യാത്രചെയ്യാം. അടുത്തജില്ലകളില്‍നിന്നും വിവിധ തൊഴിലുകള്‍ക്ക് ദിവസവും വരുന്നവര്‍ക്ക് 15 ദിവസം കൂടുമ്പോള്‍ പുതുക്കത്തക്ക വിധത്തിലുള്ള പാസുകള്‍ അനുവദിക്കാവുന്നതാണ്.
65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയുന്നത് ജനമൈത്രി പോലീസ് ഉറപ്പാക്കും. ഇതിനു പോലീസ് വോളന്റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. ഗുരുതര രോഗമുള്ള ചെറുപ്പക്കാരായ ആളുകളും പുറത്തിറങ്ങരുത്. ഇക്കാര്യത്തിലും പോലീസ് ശ്രദ്ധചെലുത്തും.
മദ്യവില്പനശാലകള്‍ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ബസ്, ഓട്ടോറിക്ഷ സര്‍വീസുകള്‍ എല്ലാ നിബന്ധനകളും പാലിക്കുകയും, പുറത്തിറങ്ങുന്ന എല്ലാവരും ശുചിത്വമാനദണ്ഡങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തതിനാല്‍ ഇന്നലെ 90 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Post Your Comments