അഞ്ചൽ: കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഭർത്താവ് സൂരജിന്റെ അച്ഛനെ ഇന്നലെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ സൂരജിന്റെ അമ്മയേയും , സഹോദരിയേയും ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം, സൂരജിന്റെ പിതാവ് സുരേന്ദ്രനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനാണ് സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സൂരജിന്റെ അമ്മയ്‌ക്കും സഹോദരിക്കും കൊലപാതകത്തിൽ ബന്ധമുണ്ടോ എന്നാണ് അന്വേഷണം. സ്ത്രീധന നിരോധന നിയമപ്രകാരം സൂരജിന്റെ അച്ഛനെതിരെ കേസെടുത്തേക്കും.
മകൻ സൂരജിന്റെ മൊഴിയാണ് സുരേന്ദ്രനു തിരിച്ചടിയായത്. കേസിലെ ഒന്നാം പ്രതിയായ സൂരജിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് അച്ഛനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന തരത്തിൽ മൊഴി ലഭിക്കുന്നത്. തന്റെ പിതാവിന് എല്ലാം അറിയാമെന്നാണ് സൂരജ് നേരത്തെ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രനെ ഇന്നലെ മുഴുവൻ ചോദ്യം ചെയ്‌തു. കൃത്യത്തിൽ സുരേന്ദ്രനു പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ക്രെെം ബ്രാഞ്ച് അറസ്റ്റും രേഖപ്പെടുത്തി.
സൂരജ് മുന്‍പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛൻ മൊഴി നൽകി. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. 38 പവന്‍ തൂക്കമുള്ള ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സ്വര്‍ണം കാണിച്ചുകൊടുത്തത് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ്. സൂരജും കുടുംബാംഗങ്ങളും ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ സ്വര്‍ണം എടുത്തിരുന്നതായി പൊലീസ് പറയുന്നു. ബാങ്ക് ലോക്കറില്‍ എത്ര സ്വര്‍ണം ബാക്കിയുണ്ടെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു. ഉത്രയെ കൊണ്ടുപോയാൽ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്.
ALSO READ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത
മേയ് ആറിനായിരുന്നു ഉത്രയുടെ മരണം. ഭർതൃ വീട്ടിൽ ഉത്രയെ ബോധരഹിതയായി കണ്ടെത്തുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഉത്രയുടെ മരണം പാമ്പു കടിയേറ്റതു കാരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടതു കയ്യിൽ രണ്ടു പ്രാവശ്യം പാമ്പു കടിച്ചുവെന്നും വിഷാംശം നാഡീവ്യൂഹത്തിനെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
ഫോൺ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളുമാണ് സൂരജിനു തിരിച്ചടിയായത്. ആറ് മാസത്തിനിടെ സൂരജിന് പാമ്പ് പിടിത്തക്കാരുമായി ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയതായി പൊലീസ് പറയുന്നു.
Post Your Comments