Latest NewsKeralaNews

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തും. സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. രാവിലെ ഏഴ് മണിക്ക് അരുവിക്കര ഡാമിലെ രണ്ടാം നമ്പർ ഷട്ടർ 50 സെ.മീ. ഉയർത്തി. ഷട്ടർ ലെവൽ കൂടുതൽ ഉയർത്താൻ സാധ്യതയുള്ളതിനാല്‍ സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.

കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിസർഗ ചുഴലിക്കാറ്റിന്‍റെ ഭാഗമായി സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 60 കി.മീ. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകും അപ്പോൾ വേഗം. അർധരാത്രിയോടെ നിസ‍ർഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും

നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ കാറ്റ് തീരം തൊടും. 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്‍റെ തെക്കും തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമായതിനാൽ സംസ്ഥാനങ്ങൾ മത്സ്യബന്ധനം വിലക്കി ബോട്ടുകൾ തിരികെ വിളിച്ചു.

തീരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുബൈ, താനെ, പാൽഖർ, റായ്ഗഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button