കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന് സിബി ജോർജ്ജ് നിയമിതനായി. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയമാണ് വാർത്താ കുറിപ്പ് പുറപ്പെടുവിച്ചത്. ഇന്ത്യൻ സ്ഥാനപതിയായിരുന്ന കെ.ജീവസാഗര്‍ കഴിഞ്ഞ ആഴ്ച വിരമിച്ച ഒഴിവിലേക്കാണു നിയമനം. ഇന്ത്യന്‍ ഫോറിന് സര്‍വീസ് 1993 ബാച്ച് ഉദ്യോഗസ്ഥനാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോർജ്ജ്. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്തില്‍ ആയിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറിയായും, പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറായും, അമേരിക്കയില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്സ്യല്‍ കൗണ്‍സിലറായും സേവനം അനുഷ്ടിച്ചു. സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ചുമതലയും കൈകാര്യം ചെയ്തിരുന്നു.
Read also: കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി
ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഈസ്റ്റ്-ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രികാ ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. അറബി ഭാഷയിലും പ്രാവീണ്യം നേടിയിട്ടുള്ള സിബി ജോര്‍ജ് ഐ.എഫ്.എസില്‍ മികച്ച സേവനത്തിനുള്ള എസ്.കെ.സിംഗ് അവാര്‍ഡ് ഫോര്‍ എക്സലന്‍സിന് 2014-ല്‍ അര്‍ഹനായിരുന്നു. കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ജോയ്സ് ജോണ്‍. രണ്ട് പെണ്മക്കളും ഒരു മകനുമുണ്ട്. 2017-നവംബര്‍ മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ സ്ഥാനപതിയാണ്.
ഇതോടെ കുവൈത്തിലെത്തുന്ന രണ്ടാമത്തെ മലയാളി ഇന്ത്യന്‍ സ്ഥാനപതിയാണ് സിബി ജോര്‍ജ്. പ്രമുഖ എഴുത്തുകാരന് കലിക മോഹന്‍ എന്നറിയപ്പെടുന്ന ബി.എം.സി നായരാണ് ആദ്യമായി കുവൈത്തിലെത്തിയ മലയാളി ഇന്ത്യന്‍ സ്ഥാനപതി.
Post Your Comments