അഞ്ചൽ: കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്നും തെളിവെടുപ്പ് തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയ പശ്ചാത്തലത്തിൽ അന്വേഷണ സംഘം അടൂർ പറക്കോട് ഉള്ള സൂരജിന്റെ വീട്ടിൽ ഇന്ന് വീണ്ടും പരിശോധന നടത്തിയേക്കും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ സമാഹരിക്കാൻ അന്വേഷണസംഘം വിദഗ്ധരുടെ ഉപദേശം തേടി.
ഇന്നലെ സൂരജിന്റെ അച്ഛനെ അന്വേഷണസംഘം കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യൽ ഉണ്ടാവില്ല. സൂരജിന്റെ അമ്മയേയും സഹോദരിയെയും ഇതുവരെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ സമാഹരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ALSO READ: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയിൽ
സൂരജിന്റേയും സുരേഷിന്റെയും കൂടുതൽ സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പരമാവധി ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിനായി വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. അഡ്വക്കേറ്റ് ജി മോഹൻരാജിനെ തന്നെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആക്കാനുള്ള പൊലീസിന്റെ ശ്രമവും തുടരുന്നു. രണ്ടാമത് അനുവദിച്ച കസ്റ്റഡി കാലാവധി ജൂൺ നാലിന് കഴിയുന്ന മുറയ്ക്കു വനംവകുപ്പ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനുശേഷം പൊലീസ് കസ്റ്റഡി നീട്ടാൻ കോടതിയോട് ആവശ്യപ്പെടാൻ സാധ്യതയില്ല.
Post Your Comments