പഞ്ചാബ്: അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെ കടുത്ത ഭാഷയിൽ ശാസിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് .കോൺഗ്രസ് നേതാവാണ് എങ്കിലും, മറ്റു കോൺഗ്രസ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി ദേശീയതയെ പുണർന്നു നിൽക്കുന്നൊരു നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. ഇന്ത്യ തീവ്രവാദ വെല്ലുവിളികൾ നേരിട്ട സമയങ്ങളിൽ എല്ലാം കേന്ദ്രസർക്കാരിന് നിരുപാധിക പിന്തുണയുമായി, മുൻ ആർമി ക്യാപ്റ്റൻ കൂടിയായ അമരീന്ദർ സിങ് രംഗത്തെത്തിയിട്ടുണ്ട്.
“ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷെ യുദ്ധത്തിനായി ബീജിംഗ് ഞങ്ങളെ നിർബന്ധിതരാക്കരുത് . ഇത് 1962 ലെ ഇന്ത്യയല്ല” എന്നോർമ്മിപ്പിക്കുന്നു. ക്യാപ്റ്റൻ പറഞ്ഞു. അതിർത്തിയിൽ പ്രകോപനമുണ്ടാക്കുന്ന ശീലം ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ചൈന വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.അതിർത്തിയിൽ ഭാരതം നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ചൈനയ്ക്ക് അസ്വസ്ഥരാകേണ്ട കാര്യമൊന്നുമില്ല.
ഭാരതം സ്വന്തം മണ്ണിലാണ് നിർമ്മാണങ്ങൾ നടത്തുന്നത്. മുൻപ് അക്സയി ചിന്നിലെ ഭാരത മണ്ണിൽ അവർ റോഡ് നിർമ്മിച്ചപ്പോൾ നമ്മൾ എതിർത്തിരുന്നു, അന്നവർ ചെവി കൊണ്ടില്ല. ഇന്ന് ഭാരതം സ്വന്തം മണ്ണിൽ റോഡ് നിർമ്മിക്കുമ്പോൾ ചൈന വിറളി പിടിക്കേണ്ട കാര്യവുമില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ചൈനയോടൊപ്പം തന്നെ തീവ്രവാദത്തെ പാലൂട്ടി വളർത്തുന്ന പാകിസ്ഥാനെയും ശാസിക്കാൻ അദ്ദേഹം മറന്നില്ല.
പാകിസ്ഥാനുമായി ചേർന്ന് കിടക്കുന്ന പഞ്ചാബിലേയ്ക്ക് തീവ്രവാദികളെയും, മയക്കുമരുന്നും, ആയുധങ്ങളും എല്ലാം ഒളിച്ചു കടത്തുന്ന ഏർപ്പാട് പാകിസ്ഥാൻ നിർത്തണം എന്നദ്ദേഹം ആഹ്വാനം ചെയ്തു. ബിഎസ്എഫ് , കരസേന, പഞ്ചാബ് പോലീസ് എന്നിങ്ങനെ മൂന്നു സേനകളുടെയും സംയോജിത പ്രവർത്തനമാണ് പഞ്ചാബ് അതിർത്തിയിൽ ക്രമീകരിച്ചിട്ടുള്ളത്.ഇക്കഴിഞ്ഞ മാസങ്ങളിൽ പഞ്ചാബ് പോലീസ് 32 തീവ്രവാദ മൊഡ്യൂളുകൾ തകർക്കുകയും, 200 ഓളം ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments