
ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അദ്ദേഹം മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തിയത്. ടെലിഫോണിലൂടെയാണ് അമിത് ഷാ ലോക്ക് ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടിയത്.
നിലവില്‍ മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്നീട് മൂന്ന് തവണ കൂടി നീട്ടുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 31ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
അഞ്ചാംഘട്ട ലോക്ക് ഡൗണിനെക്കുറിച്ചും പ്രധാനമന്ത്രി മന്‍കീ ബാത്തിലൂടെ വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments