കൊണ്ടോട്ടി: ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം കേരളക്കരയിലാകെ നടുക്കം ഉയര്‍ത്തുമ്പോള്‍ ഏഴ് വര്‍ഷം മുമ്പ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവ് ഇപ്പോഴും കാണാമറയത്തുതന്നെ. 2013 ജൂലൈ 22ന് പുലര്‍ച്ചയാണ് അരീക്കോടിനെ നടുക്കിയ കൊലപാതകം. വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചിറക്കി ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്ന വാവൂര്‍ ചുങ്കം കൂടാന്‍തൊടി മുഹമ്മദ് ഷരീഫിന്റെ കൊടും ക്രൂരതയാണ്. വെള്ളക്കെട്ടില്‍ സ്വന്തം കുഞ്ഞുങ്ങളും ഭാര്യയും കൈകാലിട്ടടിച്ച് മരണത്തിലേയ്ക്ക് പോകുന്നത് കണ്ടിട്ടാണ് ഷെരീഫ് അവരുടെ മരണം അപകടത്തില്‍ സംഭവിച്ചതാണെന്ന് വരുത്തിതീര്‍ത്തത്.
Read Also : അഞ്ചൽ ഉത്ര വധക്കേസ്; കൃത്യമായ ആസൂത്രണമുണ്ടെന്ന് സൂചന, സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്തു
ചെറിയ പെരുന്നാളിന് പുതുവസ്ത്രങ്ങളെടുക്കാനെന്ന് പറഞ്ഞാണ് പെരുന്നാള്‍ തലേന്ന് നോമ്പ് തുറന്ന ശേഷം മക്കളെയും ഭാര്യയെയും കൂട്ടി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. രാത്രി സ്വന്തം വീടിന് കിലോമീറ്റര്‍ മാറി അരീക്കോട്-എടവണ്ണപ്പാറ റോഡില്‍ പെരുമ്പറമ്പില്‍ റോഡിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലേക്ക് ബൈക്ക് ഓടിച്ചിറക്കുകയായിരുന്നു. ഭാര്യയും മക്കളും വെള്ളക്കെട്ടില്‍ മുങ്ങിമരിക്കുന്നത് ഷരീഫ് നോക്കിനിന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രദേശവാസികളെ ഷരീഫ് തന്നെ വിവരമറിയിച്ചു. അപകട മരണമാണെന്ന് ധരിപ്പിച്ചു.
ഒളവട്ടൂര്‍ മായാക്കര കാവുങ്ങല്‍ വീട്ടില്‍ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകള്‍ സാബിറയും മക്കളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് കിട്ടാന്‍ രണ്ടാം വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു അരുംകൊല. കേസില്‍ അറസ്റ്റിലായ ഷരീഫിന് പിന്നീട് ഹൈകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. 2015 ഏപ്രില്‍ 22ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും വന്നില്ല. ഇതോടെ ജാമ്യം റദ്ദാക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
ഒളിവില്‍ കഴിയുന്ന ഷരീഫിനെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കണമെന്നും പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ജില്ല പൊലിസ് മേധാവിക്ക് സാബിറയുടെ പിതാവ് മുഹമ്മദ് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. 2017 ഡിസംബര്‍ 14ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൊലപാതകത്തിന് ഏഴ് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാഴ്ച മുമ്പ് അവസാന ശ്രമമെന്ന നിലയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
പ്രതിക്ക് അവകാശപ്പെട്ട സ്വത്തുവകകള്‍ മാതാവിന്റെ മരണശേഷം വില്‍പ്പന നടത്തിയത് ഷരീഫ് ഇപ്പോഴും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നതിന് തെളിവാണ്. കൊല്ലം അഞ്ചലില്‍ പാമ്പ് കടിപ്പിച്ച് കൊലപാതകം നടത്തിയതും എന്റെ മകളെ വെള്ളത്തില്‍മുക്കി കൊന്നതും പണത്തിന് വേണ്ടിയായിരുന്നുവെന്ന് കൊല്ലപ്പെട്ട സാബിറയുടെ പിതാവ് പറയുന്നു
Post Your Comments