കൊണ്ടോട്ടി : എസ് ഡി പി ഐ വിട്ട യുവാവിനെ പാർട്ടി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പള്ളിക്കൽ സ്വദേശി മുജീബ് റഹ്മാനെയാണ് മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ ചേർന്ന് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിൽ ഇദ്ദേഹം നൽകിയ പരാതിയിൽ പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ്(36), പള്ളിക്കൽ റൊട്ടി പീടികകുണ്ട് മുസ്തഫ(40) ആണൂർ പള്ളിക്കൽ ബസാർ ചാലെപാടി സഹീർ (40) എന്നിവരെ കൊണ്ടോട്ടി ഡി വൈ എസ് പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം 20-നാണ് മുജീബിനെ വീട്ടിൽനിന്നും സംഘം തട്ടിക്കൊണ്ട് പോയത്. തുടർന്ന് കരിപ്പൂരിലെ എസ് ഡി പി ഐയുടെ ഒരു പ്രമുഖ നേതാവിന്റെ വീട്ടിൽ എത്തിച്ച് നഗ്നനാക്കി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചു. അവശനായ മുജീബ് വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു. മാരകമായി പരുക്കേറ്റ മുജീബിനെ പിന്നീട് സംഘം വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഭീഷണി ഭയന്ന് മുജീബ് പോലീസിൽ പരാതി നൽകിയിരുന്നില്ല.
Read Also : കിടക്ക കമ്പനിയില്‍ തീപിടിത്തം : നാലുപേർക്ക് പരിക്ക്
എന്നാൽ, കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം ഇയാളുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി. ഇതോടെയാണ് മുജീബ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Post Your Comments