ന്യൂദല്‍ഹി:വ്യക്തിവിവരവും, വിലാസവും ഇലക്‌ട്രോണിക് അധിഷ്ഠിത ആധാര്‍ പരിശോധനയിലൂടെ ഉറപ്പുവരുത്തി തല്‍സമയം പാന്‍ അനുവദിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടക്കം കുറിച്ചു. മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള സാധുവായ ആധാര്‍ നമ്പര്‍ കൈവശമുള്ള അപേക്ഷകര്‍ക്ക് തല്‍സമയ പാന്‍ സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഈ മാസം 25 വരെയുള്ള കണക്കനുസരിച്ച്, ആകെ 50.52 കോടി നികുതിദായകര്‍ക്കാണ് പാന്‍ അനുവദിച്ചിട്ടുള്ളത്.
തത്സമയ പാന്‍ അപേക്ഷ നല്‍കുന്നതിനുള്ള പ്രക്രിയ വളരെ ലളിതമാണ്. തത്സമയ പാന്‍ അപേക്ഷകര്‍ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിച്ച് അവരവരുടെ സാധുവായ ആധാര്‍ നമ്പര്‍ നല്‍കണം.തുടര്‍ന്ന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒറ്റത്തവണ പാസ്വേഡ് അഥവാ ഒ.ടി.പി. സമര്‍പ്പിക്കണം. ഈ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍, 15 അക്ക അക്‌നോളേജ്‌മെന്റ് നമ്ബര്‍ അനുവദിക്കപ്പെടുന്നു.
അപേക്ഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിലിലേക്കും ഇ-പാന്‍ അയക്കുന്നതായിരിക്കും. അപേക്ഷകര്‍ക്ക് ഇലക്‌ട്രോണിക് പാന്‍ (ഇ-പാന്‍) സൗജന്യമായി ലഭിക്കുന്ന വിധത്തിലും കടലാസ് രഹിതവുമാണ് പാന്‍ അനുവദിക്കുന്ന പ്രക്രിയ.തത്സമയ പാന്‍ അനുവദിക്കുന്നതിനുള്ള സൗകര്യം ഉടന്‍ ആരംഭിക്കുമെന്ന് 2020 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു.
Post Your Comments