കൊല്ലം • മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റം നിഷേധിച്ച് അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ്. കേസില്‍ താന്‍ നിരപരാധിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രതി സൂരജിനെയും കൂട്ട് പ്രതി സുരേഷിനെയും പത്തനംതിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
രാവിലെ 11 മണിയോട് കൂടിയാണ് സൂരജിനെയും സുരേഷിനെയും അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചത്. സൂരജിന് സുരേഷ് പാമ്പിനെ കൈമാറിയ ഏനാത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി.
ഉത്രയുടെ വീട്ടുകാര്‍ വിവാഹമോചനം ആവശ്യപ്പെട്ടതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്നായിരുന്നു സൂരജ് നേരത്തെ നല്‍കിയ മൊഴി. ഉത്രയ്ക്ക് തന്നില്‍ നിന്ന് മാനസികമായും ശാരീരികമായും പീഡനം ഏല്‍ക്കേണ്ടി വന്നെന്നും സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ വീട്ടുകാര്‍ അഞ്ചലിലെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടു. വൈരാഗ്യം മൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സൂരജ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
Post Your Comments