കാലടി: ടൊവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ കൂടുതൽ നടപടികൾ കടുപ്പിച്ച് പൊലീസ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച് വർഗീയ പ്രചാരണം നടത്തിയവരും ഉൾപ്പെടെയുള്ളവർ കുടുങ്ങും. ഇവർക്കെതിരെ കാപ്പ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. മത സ്പർദ്ധ വളർത്താനുള്ള ബോധപൂർവമായ ശ്രമം, കലാപ ശ്രമം, ആസൂത്രിതമായി സംഘം ചേരൽ, മോഷണം തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തും എന്ന് പൊലീസ് അറിയിച്ചു.
മിന്നൽ മുരളി സിനിമാ സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അറസ്റ്റിലായത് അഞ്ച് പേരാണെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യ ദിനത്തിൽ മുഖ്യപ്രതി കാരി രതീഷും ഇന്നലെ മറ്റ് നാലു പേരുമാണ് അറസ്റ്റിലായത്. രാഹുൽ, ഗോകുൽ, സന്ദീപ് എന്നിവരെക്കൂടാതെ അഞ്ചാമതൊരാൾ കൂടി പൊലീസ് പിടിയിലായിട്ടുണ്ട്.
ആദ്യം കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയായിരുന്നു കേസ്. എന്നാൽ, പതിനൊന്നു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.രണ്ട് ലക്ഷ്യങ്ങൾ സെറ്റ് തകർക്കലിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒന്ന്, ഇതിനു പിന്നിൽ ഒരു തീവ്ര വർഗീയ സ്വഭാവമുണ്ട്. രണ്ട്, അന്താരാഷ്ട്ര ഹിന്ദു പരിഷത്തും യുവജന സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദളും ചേർന്നാണ് അക്രമം നടത്തിയത്. ഇവർക്ക് കൂടുതൽ ജനശ്രദ്ധ നേടുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.
തീവ്ര വർഗീയ സ്വഭാവമുള്ള സംഘടനകളാണിത്. ആ നിലയ്ക്കാണ് ഇവരുടെ പ്രവർത്തനം.ഇതു പോലുള്ള മറ്റു ചില പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടിട്ടുണ്ട്. മുഖ്യ പ്രതിയായ മലയാറ്റൂർ സ്വദേശി രതീഷ് (കാരി രതീഷ്) എന്നറിയപ്പെടുന്ന രാഷ്ട്രീയ ബജ്‌റംഗ്ദൾ സംഘടനയുടെ ജില്ലാ വിഭാഗ് പ്രസിഡന്റിനെ കഴിഞ്ഞ ദിവസം അങ്കമാലിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. മറ്റൊരാളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. സൈബർ വിദഗ്ധരടക്കമുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി സിനിമാ സെറ്റ് കഴിഞ്ഞ ദിവസമാണ് തകർത്തത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിന് മുന്നിലാണെന്നാണ് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ വാദം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.
Post Your Comments