ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സ്തംഭിച്ച ഇന്ത്യയിലെ സ്കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്കൂളുകള്‍ എല്ലാം അടച്ചു പൂട്ടിയ സാഹചര്യമാണുണ്ടായിരുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള മുതിര്‍ന്ന ക്ലാസുകളായിരിക്കും ആദ്യം ആരംഭിക്കുക. മാസ്ക് ധാരണം, സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ ആറ് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള, അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ അടുത്ത മൂന്ന് മാസത്തേക്ക് സ്കൂളുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് മന്ത്രാലയവൃത്തങ്ങള്‍ പറയുന്നത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എന്‍.സി.ഇ.ആര്.ടിയും സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയും ഇക്കാര്യത്തില്‍ ആവശ്യമുണ്ട്.
അതേസമയം മുതിര്‍ന്ന കുട്ടികള്‍ക്ക് ഉടനടി ക്ലാസുകള്‍ ആരംഭിക്കില്ല. കുട്ടികളെ ബാച്ചുകളായിട്ട് എത്തിക്കണമെന്നാണ് നിര്‍ദേശം. പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങള്‍ക്ക് പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്കൂളുകള്‍ക്ക് സമയം നല്‍കിയേക്കും.
ഓരോ ക്ലാസുകളും 15 മുതല്‍ 20 വിദ്യാര്‍ത്ഥികള്‍ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടു വരുമെന്നും എന്‍സിആര്‍ടിയുടെ കരട് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.രണ്ടു വിദ്യാര്‍ത്ഥികള്‍ ആറടി അകലത്തില്‍ ഇരിക്കണം. ഇത് പാലിക്കുമ്പോള്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല.
ഓരോ ബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക. ഒരു മിശ്രിത പഠനരീതിയാകും നടപ്പിലാക്കുക. സ്കൂളുകളില്‍ വെച്ച് ക്ലാസ് നടക്കാത്ത ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വെച്ച് പഠിക്കുന്നതിനുള്ള ടാസ്കുകള് നല്‍കും. എല്ലാവിദ്യാര്ഥികള്ക്കും മാസ്ക് നിര്‍ബന്ധമാക്കും. തുടക്കത്തില്‍ ഉച്ചഭക്ഷണം സ്കൂളുകളില്‍ ഉണ്ടാകില്ല. വീട്ടില്‍ നിന്ന് കൊണ്ടുവരാന്‍ ആവശ്യപ്പെടും. ആദ്യ കുറച്ചു മാസങ്ങളില്‍ രാവിലത്തെ അസംബ്ലിക്ക് വിലക്കേര്‍പ്പെടുത്തും.
Post Your Comments