ഹൈദരാബാദ് • വാറങ്കൽ ജില്ലയിലെ കിണറ്റിൽ നിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതിന്റെ പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചു തെലങ്കാന പോലീസ്. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ, ബീഹാർ, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഒമ്പത് പേരെ കൊലപ്പെടുത്തിയതായി പ്രധാന പ്രതി ബിഹാറിൽ നിന്നുള്ള സഞ്ജയ് കുമാര്‍ ഝായും മറ്റു മൂന്ന് പേരും സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഇരകള്‍ക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
മുഹമ്മദ് മക്സൂദ് ആലാമിന്റെയും നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച വാറങ്കൽ പട്ടണത്തിനടുത്തുള്ള ഗോറെകുന്ത ഗ്രാമത്തിലെ കിണറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. അടുത്ത ദിവസം മക്സൂദിന്റെ രണ്ട് കുടുംബാംഗങ്ങളുടെയും ബീഹാറിൽ നിന്നുള്ള രണ്ട് പേരുടെയും ത്രിപുരയിൽ നിന്നുള്ള ഒരാളുടെയും മൃതദേഹങ്ങളും ഇതേ കിണറ്റിൽ നിന്ന് കണ്ടെത്തി.
കഴിഞ്ഞ 20 വർഷമായി വാറങ്കലിലെ ഗണ്ണി ബാഗ് നിർമാണ യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ മക്സൂദ് (55). ഭാര്യ നിഷ (48), മകൾ ബുഷ്റ ഖത്തൂൺ (22), മക്കളായ ഷബാസ് ആലം (20), സൊഹൈൽ ആലം (18),ബുഷ്റയുടെ മൂന്ന് വയസുള്ള മകൻ, ബിഹാര്‍ സ്വദേശികളായ ശ്രീരാം കുമാർ ഷാ (26), ശ്യാം കുമാർ ഷാ (21), തൃപുര സ്വദേശി മുഹമ്മദ് ഷക്കീൽ (40) എന്നിവരുടെ മൃതദേഹങ്ങങ്ങളാണ് കിണറ്റില്‍ നിന്നും കണ്ടെടുത്തത്.
ഗണ്ണി ബാഗ് യൂണിറ്റിലെ ജോലിക്കാരൻ കൂടിയായ സഞ്ജയ് കുമാറിന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്ന ബുഷറയുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. അടുത്തിടെ ബുഷ്റ ഈ ബന്ധത്തില്‍ നിന്നും പിന്മാറിയത് പ്രധാന പ്രതിയ്ക്ക് മക്സൂദിന്റെ കുടുംബത്തോട് പകയുണ്ടാക്കി. ഇതിനിടെ, രണ്ട് ബീഹാറി യുവാക്കളും ത്രിപുരയിൽ നിന്നുള്ള മറ്റൊരാളും മക്സൂദിന്റെ കുടുംബവുമായി അടുത്തതും പക ഇരട്ടിയാക്കി. തുടര്‍ന്ന് ബീഹാറിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കളുടെയും പ്രദേശവാസിയായ യുവാവിന്റെയും സഹായത്തോടെ എല്ലാവരെയും ഉന്മൂലനം ചെയ്യാൻ സഞ്ജയ് പദ്ധതിയിടുകയായിരുന്നു.
മകന്റെ ജന്മദിനത്തോടനുബന്ധിച്ച് മക്സൂദ് വീട്ടിൽ നടത്തിയ പാര്‍ട്ടിയ്ക്കിടെ പ്രതികള്‍ ഇരകള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനിയയങ്ങള്‍ നല്‍കി ബോധരഹിതരാക്കിയ ശേഷം അടുത്തുള്ള തുറന്ന കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഉദ്വേഗജനകമായ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ വാറങ്കൽ പോലീസ് രൂപീകരിച്ച വിവിധ ടീമുകള്‍ തീവ്രമായ ശ്രമങ്ങളാണ് നടത്തിയത്. തെളിവ് ശേഖരണം അന്വേഷകര്‍ക്ക് വെല്ലുവിളിയായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്നായിരുന്നു നിഗമനം.
വാറങ്കലിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ (എംജിഎച്ച്) പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഒൻപത് പേരുടെയും മൃതദേഹങ്ങൾ മോര്‍ച്ചറിയില്‍ സൂക്ഷിരിക്കുകയാണ്.
മൃതദേഹങ്ങൾ അവകാശപ്പെടാൻ ആരും മുന്നോട്ട് വന്നില്ലെങ്കിൽ അന്ത്യകർമങ്ങൾ നടത്തുമെന്ന് ജില്ലാ അധികൃതർ പറഞ്ഞു.
Post Your Comments