KeralaLatest NewsNews

പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആരോഗ്യ പൂര്‍ണമായ പരീക്ഷ ഉറപ്പാക്കാന്‍ എല്ലാവരും കര്‍ശനമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍

1. ലക്ഷദ്വീപ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടേയും ക്വാറന്റൈനിലുള്ള വിദ്യാര്‍ത്ഥികളുടേയും പട്ടിക മുന്‍കൂട്ടി തയ്യാറാക്കി ബന്ധപ്പെട്ട സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറിയിക്കേണ്ടതാണ്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണം.

2. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം (സംസ്ഥാനത്തിന് അകത്ത് നിന്നും വന്നവര്‍, പുറത്ത് നിന്നുള്ളവര്‍), ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാര്‍ത്ഥികളുടെ യാത്രാക്രമീകരണം തുടങ്ങിയവ ഉള്‍പ്പെടെ ഒരു മൈക്രോ പ്ലാന്‍ തയ്യാറാക്കണം.

3. രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ (ഒരു പുരുഷനും ഒരു സ്ത്രീയും) ആരോഗ്യ വകുപ്പ് പരീക്ഷാ ദിവസങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിയമിക്കേണ്ടതാണ്. പരീക്ഷ തുടങ്ങുന്നതിന് വളരെ നേരത്തെ തന്നെ ഈ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസറുമായി കൂടിയാലോചിച്ച് മൈക്രോ പ്ലാന്‍ പരിശോധിച്ചിരിക്കണം.

4. ആരോഗ്യ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് പരീക്ഷകള്‍ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നടത്തേണ്ടതും ആരോഗ്യ പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്യേണ്ടതുമാണ്.

5. പരീക്ഷയ്ക്ക് മുമ്പായി തന്നെ ഇന്‍വിജിലേറ്റര്‍മാര്‍, സ്‌കൂള്‍ മാനേജുമെന്റ്, സ്റ്റാഫ് എന്നിവര്‍ക്ക് മൈക്രോ പ്ലാന്‍ സംബന്ധിച്ചും കോവിഡിന്റെ പശ്ചാത്തലത്തിലുള്ള പരീക്ഷാ നടത്തിപ്പും സംബന്ധിച്ച് ബോധവത്ക്കരണത്തിന് ആവശ്യമായ പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കേണ്ടതാണ്.

6. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം വീട്/ സ്ഥാപന ക്വാറന്റൈനില്‍ താമസിക്കേണ്ടതാണ്. അവരുടെ രക്ഷകര്‍ത്താക്കളും 14 ദിവസത്തെ ക്വാറന്റൈനില്‍ പോകേണ്ടതാണ്.

7. അവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്ര ക്രമീകരണം ഉണ്ടാക്കേണ്ടതാണ്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

8. നല്ല വായുസഞ്ചാരമുള്ള ഹാളുകളിലും ക്ലാസ് റൂമുകളിലും വേണം പരീക്ഷകള്‍ നടത്താന്‍. ജനാലകള്‍ തുറന്നിടണം. ഫാനുകളും മറ്റ് മെക്കാനിക്കല്‍ വെന്റിലേഷനും ഉപയോഗിച്ച് വായൂ സഞ്ചാരം ഉറപ്പാക്കണം. അതേസമയം എയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികളിലോ ഹാളുകളിലോ പരീക്ഷ നടത്തരുത്.

9. ലക്ഷദ്വീപില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും, ക്വാറന്റൈന്‍ സമയത്തും പരീക്ഷ എഴുതാനായി വരുന്ന വിദ്യാര്‍ത്ഥികള്‍:

സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളുടെ ശുചിത്വവും ഉറപ്പാക്കുകയും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് എല്ലാ വിദ്യാര്‍ത്ഥികളും ധരിക്കുകയും വേണം. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണം. എല്ലാ വിദ്യാര്‍ത്ഥികളുടെയും തെര്‍മല്‍ സ്‌കാനിംഗ് നടത്തണം. നേരിയ പനി പോലുള്ള രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തണം. (ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യണം) ആ ദിവസത്തെ പരീക്ഷ അവസാനിച്ചതിന് ശേഷം ഈ വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button