മലപ്പുറം: മാധ്യമ സ്ഥാപനം വഴി കള്ളപ്പണം വെളുപ്പിച്ച കേസ് പിൻവലിക്കാൻ 5 ലക്ഷം മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ. പരാതിക്ക് പിന്നിൽ ചില ലീഗ് നേതാക്കളാണെന്ന് പറയാൻ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായും പരാതിക്കാരനായ ജി. ഗിരീഷ് ബാബു ആരോപിച്ചു. ആരോപണങ്ങളിൽ ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസ് ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തി.
ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്റെ രണ്ടു അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. നോട്ട് നിരോധന കാലത്തായിരുന്നു സംഭവം. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് ആരോപണം. ഗിരീഷ് ബാബുവിന്റെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെന്റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസിൽ നിന്ന് പിന്മാറാൻ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം.
ഇബ്രഹിം കുഞ്ഞിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിൻവലിക്കാൻ കഴിയില്ലെങ്കിൽ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നൽകിയതെന്ന് കത്ത് നൽകാനും ഇബ്രാഹിം കുഞ്ഞു ആവശ്യപ്പെട്ടതായി ഗിരീഷ്ബാബു പറയുന്നു.
കേസിൽ നിന്ന് പിന്മാറാൻ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തെന്ന് കാണിച്ചു ഗിരീഷ് ബാബു ഹൈക്കോടതിയിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ചു അന്വേഷിച്ചു രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഐജിയോട് കോടതി നിർദേശിച്ചു. ഇതേ തുടർന്നാണ് വിജിലൻസ് ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.
Post Your Comments