കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു. ഈ കേസിൽ ഇബ്രാഹിംകുഞ്ഞിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് പാലം നിർമ്മാണത്തിന്‍റെ കരാർ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിന്‍റെ രേഖകള്‍ വിജിലൻസിന് ലഭിച്ചത്. ഇന്ന് ഇബ്രാഹിം കുഞ്ഞ് വിജിലൻസിന് മുന്നിൽ ഹാജരാകും.
തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവർണർ അനുമതി നൽകിയതിനുശേഷമുള്ള ചോദ്യം ചെയ്യലാണിത്. പലിശ ഇളവ് നൽകാനും മന്ത്രി ആവശ്യപ്പെട്ടുവെന്ന് അറസ്റ്റിലായ മുൻ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സുരജിന്‍റെ മൊഴിയും ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കി. ഇതിന് ശേഷമാണ് ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണ അനുമതി നേടി വിജിലൻസ് ഗവർണറെ സമീപിച്ചത്.
പാലാരിവട്ടം അഴിമതിക്കേസിന്റെ അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവിലേക്കാണ് വിജിലന്‍സ് നീങ്ങിയിട്ടുള്ളത്. കേസില്‍ മുന്‍ മന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നകാര്യത്തില്‍ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സ് തീരുമാനമെടുക്കുക.
അതിനിടെ, ഇബ്രാഹീം കുഞ്ഞുമായി ബന്ധമുള്ള പത്രസ്ഥാപനത്തിന്റെ ഡയറക്ടര്‍മാരെ കൊച്ചിയിലെ ഓഫീസില്‍വച്ച് വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. നോട്ട് നിരോധന കാലത്ത് മാധ്യമ സ്ഥാപനത്തിലേക്ക് പത്തുകോടി രൂപ വന്നുവെന്ന് പറയപ്പെടുന്ന വിഷയത്തിലാണിത്. ഈ കേസും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഇബ്രാഹീം കുഞ്ഞ് പ്രതിപ്പട്ടികയില്‍ എത്തിയാല്‍ ഒരുപക്ഷെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണംകൂടി ഇബ്രാഹീം കുഞ്ഞിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
Post Your Comments