കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ ആദ്യസംഘം വ്യാഴാഴ്ച ഇന്ത്യയിലെത്തും. 145 യാത്രക്കാരുമായി ജസീറ എയര്‍വേയ്സ് വിമാനം വ്യാഴാഴ്ച കുവൈത്ത് സമയം രാവിലെ 9.15ന് കുവൈത്തില്‍നിന്ന് ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക് പറന്നുയരും.
വെള്ളിയാഴ്ച ലക്നൗവിലേക്കും ജസീറ എയര്‍വേയ്സ് സര്‍വീസ് നടത്തും. അബ്ദലി, ഫര്‍വാനിയ എന്നിവിടങ്ങളിലെ ക്യാമ്ബില്‍ കഴിയുന്നവരാണ് തിരിച്ചുപോവുന്നത്. പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത് ക്യാമ്ബില്‍ കഴിയുന്ന ഇന്ത്യക്കാരുടെ യാത്ര അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധമുണ്ടായിരുന്നു. ഒരുമാസത്തിലേറെയായി ദുരിതം സഹിച്ചാണ് ആളുകള്‍ ക്യാമ്ബില്‍ കഴിയുന്നത്. പൊതുമാപ്പ് രജിസ്റ്റര്‍ ചെയ്ത ഇൗജിപ്തുകാര്‍ മുഴുവന്‍ തിരിച്ചുപോയി. ബംഗ്ലാദേശ്, ശ്രീലങ്ക പൗരന്മാരും പോയിത്തുടങ്ങി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്വാറന്റയിന്‍ അടക്കം സജ്ജീകരണങ്ങള്‍ ഒരുക്കിക്കഴിയാത്തതിനാല്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുമതി ലഭിക്കാത്തതായിരുന്നു ഇന്ത്യക്കാരുടെ മടക്കം വൈകാന്‍ കാരണം. പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കുവൈത്ത് സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്.
Post Your Comments