ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകനെന്ന പേരില്‍ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തി അയാളെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്താന്‍ ശ്രമം. കൊവിഡിനുള്ള പ്രതിരോധ മരുന്നെന്ന വ്യാജേന വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി. പാനീയം കുടിച്ച കാമുകനടക്കം കുടുംബത്തിലെ നാലു പേരും കുഴഞ്ഞുവീണു. സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതോടെ ഇവരുടെ ജീവന്‍ രക്ഷപ്പെട്ടു. കൊവിഡിന്റെ മറവില്‍ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാമത്തെ കുറ്റകൃത്യമാണിത്.
മേയ് ഒന്നിന് ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന് പ്രചരിപ്പിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ചു.എന്നാല്‍ സംശയം തോന്നിയ പോലീസ് പോസ്റ്റുമോര്‍ട്ടത്തിലുടെ കൊലപാതകമാണെന്ന് തെളിയിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഈ സംഭവം. സംഭവത്തില്‍ ഡല്‍ഹി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.രണ്ട് സ്ത്രീകളെയും കൂട്ടിയാണ് പ്രദീപ് (42) ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്ന 38 കാരനായ ഹോം ഗാര്‍ഡിന്റെ ഉത്തര ഡല്‍ഹി അലിപുരിലെ വീട്ടിലെത്തിയത്.
ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് ഈ സ്ത്രീകളും വീട്ടുകാരെ പരിചയപ്പെടുത്തിയത്. കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ വിഷം കലര്‍ത്തിയ പാനീയം നല്‍കി. മരുന്ന് കഴിച്ചയുടന്‍ അവശനിലയിലാണ് ഇവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടിലെത്തിയ സ്ത്രീകളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പണം നല്‍കി പ്രദീപ് തങ്ങളെ ജോലിക്ക് വിളിച്ചതാണെന്ന് യുവതികള്‍ പറയുന്നു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദീപിനെ പിടികൂടിയത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
Post Your Comments