ന്യൂഡല്‍ഹി : കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ജനങ്ങള്‍ എല്ലാവവരും വീടിനുള്ളില്‍ കഴിഞ്ഞിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും എവിടെയാണ് എന്നതാണ് എല്ലാവരുടേയും ചോദ്യം.ആ ചോദ്യത്തിനുള്ള ഉത്തരമിതാ, ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മോദി ഔദ്യോഗിക വസതിയും ഓഫിസും വിട്ടു പുറത്തുപോയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസ് – വസതി സമുച്ചയത്തില്‍നിന്നാണ് അദ്ദേഹം ലോക്ഡൗണിലെ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കുന്നത്. കാബിനറ്റ് മന്ത്രിമാരുമായുള്ള പതിവു യോഗങ്ങളും കൂടിയാലോചനകളുമായി പ്രധാനമന്ത്രിയുടെ പകലുകള്‍ തിരക്കേറിയതാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എപ്പോഴും പ്രധാനമന്ത്രിയുടെ വിളിപ്പുറത്തുണ്ട്.
മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരുമായി അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നു. കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജി20 നേതാക്കളുടെ വിഡിയോ ഉച്ചകോടി വിളിക്കാന്‍ മോദിയാണു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനോടു നിര്‍ദേശിച്ചത്.
എല്ലാ മന്ത്രിമാരും ഡല്‍ഹിയില്‍ത്തന്നെ തങ്ങണമെന്ന് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു മുന്‍പേ നിര്‍ദേശിച്ചിരുന്നു. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു മാത്രമാണു ഡല്‍ഹിയിലെത്താന്‍ കഴിയാതെ പോയത്. അദ്ദേഹം തന്റെ മണ്ഡലമായ നാഗ്പുരില്‍നിന്നു തിരക്കിട്ടു പുറപ്പെടുമ്പോഴേക്കും ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഗഡ്കരിക്കു വേണമെങ്കില്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു തിരിക്കാമായിരുന്നുവെങ്കിലും അദ്ദേഹം നാഗ്പുരില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചു.
വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും വിദേശരാജ്യങ്ങളിലെ മന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. യാത്രകള്‍ ഇല്ലാതായതോടെ ലഭിച്ച അധികസമയം വായനയ്ക്കു കൂടി ചെലവഴിക്കുന്നുണ്ട് വിദേശകാര്യ മന്ത്രി. മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, രമേഷ് പൊക്രിയാല്‍, രവിശങ്കര്‍ പ്രസാദ്, പ്രള്‍ഹാദ് ജോഷി തുടങ്ങിയവരും തങ്ങളുടെ മണ്ഡലങ്ങളുമായി വിഡിയോ, ഫോണ്‍ വഴി നിരന്തര സമ്പര്‍ക്കത്തിലാണ്.
മോദിയെപ്പോലെ, രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഔദ്യോഗിക വസതി വിട്ടു പുറത്തുപോയിട്ടില്ല. ധാരാളം യാത്ര ചെയ്തു ശീലമുള്ള നായിഡുവാകട്ടെ, ഇപ്പോള്‍ ദിവസവും കുറഞ്ഞ് 50 പേരെയെങ്കിലും ഫോണില്‍ വിളിക്കും.
സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെടാന്‍ രാഹുലും സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി എന്നിവരുമായി രാഹുല്‍ നടത്തിയ സംഭാഷണങ്ങളും വിഡിയോ വഴിയായിരുന്നു.
Post Your Comments