ചെന്നൈ : കൊവിഡ് 19 രോഗം ബാധിച്ചവർക്കും സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും സമൂഹം നൽകേണ്ടത് വലിയ പിന്തുണയാണ്. എന്നാൽ ഇന്ത്യയിലെ ചിലയിടങ്ങളിലെങ്കിലും ഇവർക്കെതിരെ സാമൂഹ്യ ബഹിഷ്കരണമാണ് നടക്കുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കുടിയേറ്റ തൊഴിലാളിയെ നാട്ടുകാർ ഇടപെട്ട് ഗ്രാമത്തിൽ നിന്ന് തന്നെ നാട് കടത്തിയിരിക്കുകയാണ്.
തമിഴ്നാട് തിരുപോരൂരിൽ ഷമിം അലി (28) എന്ന തൊഴിലാളിയാണ് കഴിഞ്ഞ ഒരാഴ്ചയായി ഗ്രാമത്തിൽ നിന്ന് അൽപം മാറിയുള്ള ഒരു കുന്നിൻ ചെരുവിലാണ്താമസിക്കുന്നത്. ഉത്തർപ്രദേശിലെ കനൗജിൽ നിന്ന് എത്തിയ ഷമിം അലി ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലിയെടുക്കുകയായിരുന്നു. മെയ് ആദ്യ വാരത്തിൽ കൊവിഡ് -19 സ്ക്രീനിംഗിനായി കൊണ്ടുപോയ ഇദ്ദേഹത്തിന് ഹോം ക്വാറൻറൈൻ നിർദ്ദേശിച്ചു. എന്നാൽ, നാട്ടുകാർ ഷമിം അലിയെ ഗ്രാമത്തിൽ താമസിക്കാൻ സമ്മതിച്ചില്ല.
“പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ, എനിക്ക് വൈറസ് ബാധിച്ചേക്കാമെന്നും അണുബാധ പടരുമെന്നും നാട്ടുകാർ ഭയപ്പെട്ടു. ഗ്രാമത്തിൽ നിന്ന് മാറിനിൽക്കാൻ അവർ എന്നോട് പറഞ്ഞു“ഷമിം അലി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പോകാൻ സ്ഥലമില്ലാത്തതിനാൽ, സമീപത്തുള്ള കുന്നിൻ മുകളിലുള്ള ഒരു ക്ഷേത്രത്തിന് സമീപം ഷമിം അഭയം തേടുകയായിരുന്നു. ഭാര്യയെയും മക്കളെയും ഇദ്ദേഹത്തെ സന്ദർശിക്കുന്നതിൽ നിന്ന് പോലും നാട്ടുകാർ വിലക്കിയിരിക്കുകയാണ്.
Post Your Comments