വാഷിങ്ടൻ : ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 48 ലക്ഷം കടന്നു. 48,01,510 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3,16,658 ആണ്.
യുഎസിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 90,978 പേരാണ് ഇതുവരെ യുഎസിൽ മരിച്ചിരിക്കുന്നത്. യുഎസിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നിരിക്കുകയാണ്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള റഷ്യയിൽ ആകെ രോഗികൾ 2,81,752 ആണ്. 2,631 പേർക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചത്. മരണനിരക്കിൽ യുഎസിനു പിന്നിലുള്ള യുകെയിൽ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലുമായി 170 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 34,636 ആയി.
ഇറ്റലിയിൽ 31,908 പേർ ഇതുവരെ മരിച്ചപ്പോൾ ഫ്രാൻസിൽ 28,108 ആയി മരണനിരക്ക് ഉയർന്നു. ഇന്നലെ മാത്രം ഫ്രാൻസിൽ 483 പേരാണ് മരണത്തിനു കീഴടങ്ങിയത്. സ്പെയിനിലും ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 87 പേർ. രണ്ടുമാസത്തിനുള്ളിൽ ആദ്യമായാണ് സ്പെയിനിൽ മരണനിരക്ക് നൂറിൽ താഴെയെത്തുന്നത്. സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 27,650 ആണ്.
Post Your Comments