അഹമ്മദാബാദ് : കൊവിഡ്-19 സ്ഥിരീകരിച്ച രോഗിയുടെ മൃതദേഹം ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മെയ് പത്തിനാണ് 67 വയസുള്ള വയോധികനെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരികരിച്ചുവെന്ന് മരണപ്പെട്ടയാളുടെ മകന്‍ പറഞ്ഞു.
മെയ് -15 നാണ് അച്ഛന്‍റെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചതായി പൊലീസ് വിളിച്ചു പറയുകയായിരുന്നുവെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷണങ്ങള്‍ കാണിക്കാത്ത കൊവിഡ് ആയിരുന്നു മരണപ്പെട്ടയാളെ ബാധിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
പുതിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇദ്ദേഹത്തെ വീട്ടില്‍ ഐസോലേഷനിലാക്കാന്‍ ധാരണയായത്. മെയ് 14ന് ഡിസ്ചാര്‍ജ് ചെയ്ത ഇദ്ദേഹത്തെ ആശുപത്രി ഒരുക്കി നല്‍കിയ വാഹനത്തിലാണ് വീട്ടിലേക്ക് കൊണ്ട് പോയത്. എന്നാൽ വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയത് കൊണ്ടാകാം അടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയത്.
അതേസമയം രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തെ കുറിച്ച് കുടുംബത്തിന് അറിയാമോയെന്ന കാര്യം പരിശോധിക്കണമെന്നും അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ സ്പെഷ്യല്‍ ഓഫീസര്‍ എം എം പ്രഭാകര്‍ പറഞ്ഞു.ബസ് സ്റ്റാന്‍ഡില്‍ എന്തിനാണ് രോഗിയെ ഇറക്കി വിട്ടതെന്ന കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments