വാഷിങ്ടണ്‍: കോവിഡ്-19 വൈറസിന്റെ പിറവിസംബന്ധിച്ച് യു.എസും ചൈനയുമായുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. അമേരിക്കന്‍ പെന്‍ഷന്‍ ഫണ്ടിന്റെ ചൈനയിലുള്ള ശതകോടിക്കണക്കിനു നിക്ഷേപം പിന്‍വലിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. ചൈനയുമായുള്ള നല്ലബന്ധം അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പുനല്‍കി. കൊറാണയുടെ ഉറവിടംസംബന്ധിച്ച് ചൈനയുമായുള്ള അഭിപ്രായഭിന്നത വാണിജ്യ, വ്യാപാര, സാമ്പത്തിക രംഗങ്ങളിലേക്കും വ്യാപിക്കുന്നതായാണ് പുതിയ സൂചനകള്‍. യു.എസിനു പുറത്തുപ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിയുയര്‍ത്തി. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. കമ്പനികളെ തിരിച്ചുവിളിക്കാന്‍ ട്രംപ് ആലോചന നടത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫോക്‌സ് ബിസിനസ് മാഗസിനോടാണ് പെന്‍ഷന്‍ഫണ്ട് പിന്‍വലിച്ചതായി ട്രംപ് വെളിപ്പെടുത്തിയത്. പെന്‍ഷന്‍ഫണ്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ശരിയാണോ എന്ന ചോദ്യത്തിന് അതേ, ശതകോടി ഡോളര്‍. ശതകോടികള്‍, താനത് പിന്‍വലിച്ചു എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. യു.എസിനു പലതും ചെയ്യാന്‍ കഴിയും. എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതുള്‍പ്പെടെ എന്നായിരുന്നു ട്രംപിന്റെ മറ്റൊരു പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി തനിക്ക് മികച്ച ബന്ധമാണെന്നും എന്നാല്‍, ഇപ്പോള്‍മുതല്‍ തനിക്ക് അദ്ദേഹത്തോട് ഒന്നും സംസാരിക്കാനില്ലെന്നും ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ ചൈനയുടെ നിലപാട് തന്നെ നിരാശനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ചൈനയിലെ ലാബിലാണ് ജന്മംകൊണ്ടതെന്നും ലോകമാകെയുള്ള വ്യാപനത്തിന് ഉത്തരവാദി ചൈനയാണെന്നുമാണ് ട്രംപിന്റെ ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും യു.എസ്. ആവശ്യപ്പെടുന്നു. ചൈനയ്‌ക്കെതിരേ നടപടികള്‍ ശക്തമാക്കാന്‍ യു.എസ്. കോണ്‍ഗ്രസില്‍നിന്ന് ട്രംപിനുമേല്‍ സമ്മര്‍ദമുയരുന്നുണ്ട്. തെക്കന്‍ ചൈനക്കടലില്‍ ചൈനയ്ക്കെതിരായ നീക്കങ്ങളും യു.എസ്. ഇതിനൊപ്പം ശക്തമാക്കി. മേഖലയില്‍ യു.എസ്. നാവികസേനാകപ്പലുകളും എയര്‍ഫോഴ്‌സ് ബി.1 ബോംബര്‍ വിമാനങ്ങളും സാന്നിധ്യവും അഭ്യാസങ്ങളും കഴിഞ്ഞയാഴ്ചകളില്‍ ഊര്‍ജിതമാക്കി. യു.എസും ചൈനയുമായി 2018 മുതല്‍ തുടരുന്ന വ്യാപാരത്തര്‍ക്കങ്ങളും ഇനി രൂക്ഷമായേക്കും. ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുന്നതിലെ തര്‍ക്കം ആഗോള വാണിജ്യയുദ്ധമായി മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തങ്ങള്‍ രമ്യതയുടെ പാതയിലെത്തിയതായി നേരത്തേ ട്രംപ് വ്യക്തമാക്കിയിരുന്നു.
Post Your Comments