Latest NewsNewsWomenLife Style

ഞാനും എന്റെ ഹോർമോൺ പ്രശ്നങ്ങളുടെ കാലങ്ങളും: ആണുങ്ങൾക്ക് വായിക്കാൻ എഴുതിയത്… കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്

സ്ത്രീ ശരീരത്തിലെ ഹോര്‍മോണ്‍ പ്രശങ്ങളെക്കുറിച്ച് പുരുഷന്മാരോട് സംസാരിക്കുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഹോർമോൺ പ്രശ്നങ്ങൾ സ്ത്രീ ശരീരത്തിൽ രൂക്ഷമാകുമ്പോൾ ഒന്നുകിൽ ചേർത്ത് പിടിക്കാൻ ആളുണ്ടാകണം, അല്ലെങ്കില്‍ വെറുതെ വിടാന്‍ പറ്റണമെന്ന് കല പറയുന്നു. ഭാര്യ, കാമുകി, അമ്മ, സഹോദരി അങ്ങനെ ആരൊക്കെയോ നിങ്ങളുടെ സ്നേഹം ആഗ്രഹിക്കുന്നുണ്ട്. വാത്സല്യത്തെയും സ്നേഹത്തെയും പ്രണയത്തെയും മറച്ചു പിടിക്കരുതെന്നും അവര്‍ പറയുന്നു.

കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഞാനും എന്റെ ഹോർമോൺ പ്രശ്നങ്ങളുടെ കാലങ്ങളും
ആണുങ്ങൾക്ക് വായിക്കാൻ എഴുതിയത്…

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

പിച്ചിച്ചീന്തുന്ന ചോദ്യങ്ങൾക്ക് ഇരയാക്കപ്പെട്ട കാലമെനിക്ക് ഉണ്ടായിരുന്നു…
മറ്റാരുടെയും അല്ല, എന്റേത് തന്നെ..

ഓരോന്നും ചോദിച്ചു ഞാൻ, എന്നെത്തന്നെ ദ്രോഹിച്ച നാളുകൾ.. പക്ഷെ,
നിരാലംബയായ ആ കാലങ്ങൾ ആയിരുന്നു ജീവിതത്തിലെ തിരിച്ചറിവുകൾക്ക് തുടക്കം കുറിച്ചതും…

ജീവിതത്തിൽ, അത്തരമൊരു ദുരന്ത കാലം എന്നിൽ ഉണ്ടായത് കൊണ്ട് മാത്രമാണ് എന്റെ മകളുടെ അച്ഛനോട് പൊറുത്തതും വഴക്കുകൾക്ക് നില്കാതെ ആ ജീവിതത്തിൽ നിന്നും ഇറങ്ങിയതും…

Estrogen level എനിക്ക് കൂടുതലാണെന്ന് ഡോക്ടർ പറയുകയും തുടർന്നു ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹോർമോൺ ഗുളികകൾ നൽകുകയും ചെയ്ത നാളുകൾ എന്നിൽ ഉണ്ടാക്കിയ സ്വഭാവമാറ്റങ്ങൾ അദ്ദേഹത്തിന് കൈകാര്യം ചെയ്യാൻ പറ്റുന്നത് ആയിരുന്നില്ല..
എന്നിട്ടും പൊട്ടിത്തെറിയും വഴക്കുകളും അദ്ദേഹത്തോട് പ്രകടിപ്പിക്കാൻ മാത്രമേ ഞാൻ ഒരുക്കമായിരുന്നുള്ളു..

ജോലി സ്ഥലത്തും സുഹൃത്തുക്കളോടും സാധാരണ പോലെ പെരുമാറുമ്പോഴും വീട്ടിൽ ഞാനൊരു മൂധേവി ആയിരുന്നു..

എന്റെ ഭാഗത്തെ ന്യായീകരിക്കാൻ നില്കാതെ ഞാൻ ഒഴിഞ്ഞതും എന്റെ അത്തരം വൈകാരിക വിക്ഷോഭത്തെ സഹിക്കാൻ അദ്ദേഹം ബാധ്യസ്ഥനല്ല എന്ന് തുറന്ന് പറഞ്ഞപ്പോഴാണ്..
അത്തരമൊരു ആഴത്തിൽ ഉള്ള ബന്ധം എന്നോട് ഇല്ലായിരുന്നല്ലോ എന്ന വൈകി എങ്കിലും ഞാനും ചിന്തിച്ചു തുടങ്ങി…

ഹോർമോൺ പ്രശ്നങ്ങൾ സ്ത്രീ ശരീരത്തിൽ രൂക്ഷമാക്കുമ്പോൾ ഒന്നുകിൽ ചേർത്ത് പിടിക്കാൻ ആളുണ്ടാകണം..
അല്ലേൽ വെറുതെ വിടാൻ പറ്റണം..

എന്റെ വൈകാരിക താളങ്ങൾ, അവയുടെ നിലവിളികൾ, ഹോർമോൺ മരുന്നുകളുടെ പ്രതിഫലനം ആണെന്ന് ഞാൻ ബോധവതി ആയിരുന്നു..
എന്നെ ഞാൻ ഏറ്റെടുത്തു…
കരയാൻ തോന്നുമ്പോൾ കരഞ്ഞു..
ഉൾവലിയാതെ കൂടുതൽ സാമൂഹിക ജീവിതത്തിൽ ഇടപെട്ടു..
തിരമാലകളിൽ കാല് നനച്ചു..
കൈകൾ കൂട്ടിപിണച്ചു എന്നെത്തന്നെ ഞാൻ ആലിംഗനം ചെയ്തു.
നെറുകയിൽ ഞാൻ സ്വയം തൊട്ടു..

പലപ്പോഴും മുടിയിലും കവിളിലും തടവി കൊണ്ട് എന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ ഒരു പുരുഷനെ സത്യമായും ആഗ്രഹിച്ചു..
അത് estrogen ലെവലുമായി ബന്ധപെട്ടതായിരുന്നില്ല..

എന്നിലെ സ്ത്രീയ്ക്ക് അത് അമ്പിളി അമ്മാവനെ വേണമെന്ന് കുട്ടിക്കാലത്തു ആഗ്രഹിക്കുന്ന പോലെ ഒന്നായിരിക്കുന്നു…
ശരീരം കൊണ്ടല്ലാതെ എന്നെയൊന്നു അമർത്തി കെട്ടിപിടിച്ചു പോട്ടേ സാരമില്ല എന്ന് പറയാനൊരു പുരുഷൻ..
നൂറായിരം സ്ത്രീ സുഹൃത്തക്കളെ ആയിരുന്നില്ല ആവശ്യം..
എന്നിലെ എന്നെ ഒന്ന് ചേർത്ത് പിടിക്കാൻ ഒരാണിന്റെ കരവലയം തന്നെയായിരുന്നു..

എന്നെ സ്നേഹിക്കാൻ ഒരിക്കലും സാധ്യമല്ലാത്ത ഒരാളോട് പരാതി പറയാൻ എന്റെ ഈഗോ സമ്മതിച്ചിട്ടില്ല..
ആ സ്നേഹം ആസ്വദിക്കുന്ന ഒരുവളോട് ഉണ്ടായ അസൂയ പകയായി മാറിയിട്ടും..

വെറും അക്ഷരങ്ങളല്ല..
കടുത്ത ദുരിതമാണ് അത്തരം ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ..

ഒൻപതു വയസ്സിൽ ഋതുവായ ഞാൻ,
എന്റെ സ്ത്രീത്വത്തെ ശപിച്ചു പോയിട്ടുണ്ട്.
മാപ്പു. ???
..

നല്ല ചിന്തകളെയും കെട്ട ചിന്തകളെയും ഞാൻ എന്റെ മക്കളായി കരുതി..
കെട്ട ചിന്തികളെ നന്നാക്കി എടുക്കാൻ ശ്രമം നടത്തി..
ധ്യാനം ശീലിച്ചു..
മനസ്സ് കൈവിട്ട് പോകുമ്പോൾ എഴുതി..
ചൊറിയാൻ വരുന്ന ആൺപെണ്ണുങ്ങളെ ഒറ്റ നിമിഷം വൈകാതെ തട്ടിമാറ്റി,
അകലം സൃഷ്‌ടിച്ചു..
ചിരിക്കാൻ മാത്രമുള്ള അവസരങ്ങൾ സൃഷ്‌ടിച്ചു..
കൗൺസലിംഗ് ന് എത്തുന്ന സ്ത്രീകളിൽ എന്റെ തന്നെ പ്രശ്നങ്ങൾ ഉള്ളവരെ ഒപ്പം ചേർത്ത് വെച്ചു…
അവരുടെ ആണുങ്ങളോട് അവരെ ഒന്ന് കെട്ടിപിടിച്ചു അടക്കി ചേർത്ത് വെയ്ക്കാൻ അപേക്ഷിച്ചു..
അതങ്ങനെ ഉൾക്കൊണ്ടു തന്റെ പെണ്ണിനെ സഹായിച്ച എത്രയോ പേരുണ്ട്..
മനസ്സിനെ ഒന്ന് മെരുക്കാൻ അല്ല ഇണക്കാൻ ആണ് പാട്..
ഞാൻ അതിജീവിച്ചു..
പക്ഷെ അതിനു ഞാൻ ഒറ്റപ്പെടേണ്ടി വന്നു.. എന്നാലും,
യാത്ര പറയാതെ ഇറങ്ങിയിടത്ത് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല എന്ന സമാധാനം ഒരുപാട് ..

ആൾകൂട്ടത്തിൽ തനിയെ ആയിരുന്നു എങ്കിൽ ഞാനും മദം പൊട്ടിയേനെ…
അധികം സമയവും വായിച്ചു, പാട്ട് കേട്ടു ഞാനെന്നെ പകൽ നേരങ്ങളിൽ ഉറക്കം വരാതെ ഉണർത്തി..

കാലം കഴിഞ്ഞു മഴ പെയ്തു തുടങ്ങി..
ചിരപ്രതീക്ഷകൾക്കു ശേഷമുള്ള മഴ ഭൂമിയെ തണുപ്പിൽ സന്തോഷിപ്പിച്ചു..
അവളതിനായി ആകുലഭാവത്തിൽ കാത്തുകിടക്കുകയായിരുന്നല്ലോ..

എന്റെ കുറിപ്പ് അരയും മുറിയും വായിച്ചു hugs എന്ന് മെസ്സേജ് അയക്കുന്ന വളരെ കുറച്ചു പുരുഷ സുഹൃത്തുക്കളോടു ഒരു വാക്ക്..
എന്നിൽ പ്രതീക്ഷ അർപ്പിക്കരുത്.. ❤
പക്ഷെ,
ഭാര്യ, കാമുകി, അമ്മ, സഹോദരി അങ്ങനെ ആരൊക്കെയോ നിങ്ങളുടെ സാന്ത്വനം ആഗ്രഹിക്കുന്നുണ്ട്..
വാത്സല്യത്തെയും സ്നേഹത്തെയും പ്രണയത്തെയും മറച്ചു പിടിക്കരുതേ..
അതിനു വിഷഹാരികളില്ല..

നിസ്സഹായത എന്നത് എത്ര വലിയ ദുരിതമാണെന്ന് അറിയോ?
അവരെ രക്ഷിക്കണം..
ക്രമമായിരുന്ന മാസമുറ താളം തെറ്റുന്നത് ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പാണ്..
അമിതമായ രക്തസ്രാവം ശ്മശാനമൂകത പോലെ ഭയാനകമാണ്..
ആണുങ്ങളെ, നിങ്ങൾക്ക് ഫെമിനിസ്റ് ആകാനൊരു അവസരമാണത്…
അഭിമാനത്തോടെ, അഹങ്കാരത്തോടെ ഉൾക്കൊള്ളുക….

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button