KeralaLatest NewsNews

ശരീരാവശിഷ്ടങ്ങള്‍ നശിക്കാനുള്ള കെമിക്കല്‍ ഒഴിച്ചിരുന്നു, കല്ലുപോലും പൊടിയും: മാന്നാറില്‍ മൃതദേഹം കുഴിച്ചെടുത്ത സോമന്‍

ആലപ്പുഴ: സെപ്റ്റിക് ടാങ്കില്‍ ശരീരാവശിഷ്ടങ്ങള്‍ നശിക്കാനുള്ള കെമിക്കല്‍ ഒഴിച്ചിരുന്നെന്ന് മാന്നാറില്‍ മൃതദേഹം കുഴിച്ചെടുത്ത സോമന്‍ പറഞ്ഞു. അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കില്‍ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളില്‍ പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ ഇട്ട് മൂടിയ നിലയില്‍ ആയിരുന്നെന്നും സോമന്‍ പറഞ്ഞു.

Read Also: ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു: തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

‘സെപ്റ്റിക് ടാങ്കിന്റെ പുറത്താണ് വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി ഇട്ടിരുന്നത്. പൊതുവെ ആരും അങ്ങനെ ചെയ്യില്ല. ദുരൂഹതയുള്ളതുകൊണ്ടാവാം അങ്ങനെ ചെയ്തത്. മാന്തി നോക്കിയപ്പോള്‍ കുറേ കെമിക്കല്‍ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേര്‍ത്തിരുന്നത്’- സോമന്‍ പറഞ്ഞു. ഇലന്തൂര്‍ നരബലി കേസില്‍ ഉള്‍പ്പെടെ പൊലീസിനെ സഹായിച്ചയാളാണ് സോമന്‍.

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല. 2009 ലാണ് സംഭവം നടന്നത്.

പതിനഞ്ച് വര്‍ഷം മുന്‍പുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിന്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തില്‍ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button