ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ശമ്പളത്തിന്റെ 30 ശതമാനം ഒരുവര്‍ഷത്തേക്ക് ഉപേക്ഷിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. രാഷ്‌ട്രപതിഭവന്റെ മറ്റു ചെലവുകള്‍ കുറയ്‌ക്കാനും രാഷ്‌ട്രപതി നിര്‍ദേശിച്ചു. ഔപചാരിക ആവശ്യങ്ങള്‍ക്കായി ആഢംബര വാഹനമായ ലിമോസിന്‍ വാങ്ങാനുള്ള നടപടി നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചതായും രാഷ്‌ട്രപതിഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് 30 ശതമാനം ശമ്പളം കൊറോണ ഫണ്ടിലേക്ക് നല്‍കുമെന്നും രാഷ്ട്രപതി അറിയിച്ചു.
രാഷ്ട്രപതി ഭവനില്‍ ഓഫീസ് സ്റ്റേഷനറി സാധനങ്ങള്‍, ഇന്ധനം എന്നിവയുടെ ഉപഭോഗം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.ഔപചാരിക സന്ദര്‍ഭങ്ങളില്‍ രാഷ്‌ട്രപതിഭവന്റെയും സര്‍ക്കാരിന്റെയും വിഭവങ്ങള്‍ ആവശ്യാനുസരണം പങ്കുവച്ച് ഉപയോഗിക്കും.പൂക്കളുടെയും മറ്റ് അലങ്കാരവസ്‌തുക്കളുടെയും ഉപയോഗം, ഭക്ഷണ മെനു, വിദേശയാത്രാച്ചെലവ് എന്നിവ കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വാശ്രയ ഇന്ത്യയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആശയം സാക്ഷാത്ക്കരിക്കുന്നതിനും പകര്‍ച്ച വ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോര്‍ക്കണമെന്നും രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.
രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും വലുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ് ചെലവു ചുരുക്കല്‍ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.സാമൂഹിക അകലം പാലിക്കാനും ചെലവ് ചുരുക്കാനുമായി ആഭ്യന്തരയാത്രയും പരിപാടികളും കുറയ്‌ക്കും. ആളുകളുമായി സംവദിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കും. രാഷ്‌ട്രപതിഭവനില്‍ സന്ദര്‍ശകരുടെയും അതിഥികളുടെയും എണ്ണം കുറയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments