
അങ്കാറ : കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച തന്റെ അഞ്ചു വയസ്സുകാരന്‍ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കിയില്‍നിന്നുള്ള ഫുട്‌ബോള്‍ താരം സെവ്ഹര്‍ ടോക്ടാഷ്. തുർക്കിയിലെ പ്രാദേശിക ലീഗിൽ ബുർസ യിൽഡിരിംസ്പോര്‍ എന്ന ക്ലബിന് വേണ്ടി കളിക്കുന്ന താരമാണ് ഇദ്ദേഹം.
ഏപ്രില്‍ 26നാണ് കടുത്ത ചുമയും പനിയുമായി ടോക്ടാഷിന്‍റെ മകൻ കാസിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. അന്ന് വൈകിട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിനെ സംസ്കരിച്ചത്. മകന്റെ മരണത്തിൽ ഇയാൾ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസമാണ് മകനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ . പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഇയാൾ ഈ കാര്യം പറഞ്ഞത്. ടോക്ടാഷ് സംഭവത്തില്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്.
”കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന കാസിമിനെ താന്‍ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാൻ തലയിണ മുഖത്ത് അമര്‍ത്തിപ്പിടിച്ചു. ശ്വാസം നിലച്ചെന്ന് തോന്നിയപ്പോഴാണ് തലയിണ പിന്‍വലിച്ചത്. അതിന് ശേഷമാണ് ഡോക്ടറെ വിളിച്ചത്. എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കൽപ്പോലും സ്നേഹിക്കാൻ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാൻ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല’ – ടോക്ടാഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ടോക്ടാഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാസിമിന്റെ മൃതദേഹം ഖബറിൽനിന്നെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments