കോഴിക്കോട് : സമൂഹ മാധ്യമത്തിലൂടെ വാഹനം വില്‍ക്കാനുണ്ടെന്ന പേരിൽ പരസ്യം നല്‍കി വൻ സാമ്പത്തിക തട്ടിപ്പ്. കോഴിക്കോട് സ്വദേശി ഉൾപ്പെടെ നിരവധി പേരാണ് പരസ്യത്തില്‍ വഞ്ചിതരായി പണം നഷ്ട്ടമായിരിക്കുന്നത്. ഉത്തരേന്ത്യൻ ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് നിഗമനം. പട്ടാളക്കാരെനെന്ന വ്യാജേനയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയാണ് വാഹനം വില്‍ക്കാനെന്ന് കാണിച്ച് ഇയാൾ പരസ്യം നൽകിയിരുന്നത്. KL 09 AM -3811 എന്ന നമ്പറിലൂള്ള സ്കൂട്ടറിന്‍റെ ഫോട്ടോയോടൊപ്പം ഫോണ്‍നമ്പറും നല്‍കി. ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട കോഴിക്കോട് കുന്ദമംഗലം സ്വദേശിയോട് സിഐഎസ്എഫ് ജവാനായ വികാസ് പട്ടേലാണെന്നും തന്‍റേതാണെന്ന് പറഞ്ഞ് ഒരു പട്ടാള വേഷത്തിലുള്ള ഫോട്ടോയും അയച്ച് നല്കി. പതിനേഴായിരം രൂപയാണ് സ്കൂട്ടറിനാവശ്യപ്പെട്ടത്.
ലോക്ക്ഡൗൺ കാലം ആയതിനാൽ പണം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താല്‍ വാഹനം പാഴ്സലായി എത്തിക്കാമെന്നും പറഞ്ഞു. ഇതോടെ കുന്ദമംഗലം സ്വദേശി ഗഡുക്കളായി പണം അയച്ചു കൊടുത്തു. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണോയെന്ന സംശയത്തില്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്.
പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കരിപ്പൂരില്‍ സിഐഎസ്എഫ് ജവാനായ വികാസ് പട്ടേലെന്ന ഒരാള്‍ ഇല്ലെന്ന് മനസ്സിലായി. ഫോട്ടോയില്‍ കാണുന്ന സ്കൂട്ടറിന്‍റെ ഉടമ പാലക്കാട് സ്വദേശിയുടേതാണെന്നും കണ്ടെത്തി. ഫോണ്‍ നമ്പറിലടക്കം തട്ടിപ്പുണ്ടെന്നാണ് മനസ്സിലായത്. ഇതോടെ പോലീസ് സൈബര്‍ സെല്ലിനും പരാതി കൈമാറിയിട്ടുണ്ട്
Post Your Comments