Latest NewsNewsIndia

ലോക്ക് ഡൗൺ ഘട്ടത്തില്‍ കാര്‍ വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വൻ ഓഫറുകളുമായി വാഹന നിര്‍മ്മാതാക്കള്‍

മുംബൈ: ലോക്ക് ഡൗൺ ഘട്ടത്തില്‍ കാര്‍ വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വൻ ഓഫറുകളുമായി വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ എല്ലാ മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുമ്പോഴാണ്‌ വാഹന നിര്‍മ്മാതാക്കള്‍ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത്.

ലോക്ക് ഡൗണിൽ നല്‍കിയ ഇളവ് പ്രകാരം വാഹന ഷോറൂമുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 12 മാസം വരെ ഇഎംഐ അടയ്ക്കേണ്ട എന്നതുള്‍പ്പടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് കമ്ബനികള്‍ മുന്നോട്ടുവെക്കുന്നത്. ഹ്യുണ്ടായ്, റെനോ, ഹോണ്ട, ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, സ്‌കോഡ ഓട്ടോ എന്നിവ ആകര്‍ഷകമായ ഫിനാന്‍സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജര്‍മ്മന്‍ കമ്ബനിയായ ഫോക്സ്വാഗണ്‍ (വിഡബ്ല്യു) പോളോ, വെന്റോ എന്നിവയുടെ ഭാരത് സ്റ്റേജ് ആറ് (ബിഎസ്-ആറ്) മോഡലുകള്‍ക്ക് പതിവ് കിഴിവുകള്‍ കൂടാതെ, 12 മാസത്തെ ഇഎംഐ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്, അതായത് കാര്‍ വാങ്ങി രണ്ടാം വര്‍ഷം മുതല്‍ ഇഎംഐ അടച്ചുതുടങ്ങിയാല്‍ മതിയാകും.

ഫോക്സ്വാഗണ്‍ ആറ് ഫിനാന്‍സ് സ്കീം ഓഫറുകളാണ് മുന്നോട്ടുവെക്കുന്നത്. ഫോക്സ്‍വാഗണ്‍ പോളോ ടി‌എസ്‌ഐ പതിപ്പിന്റെ (ഹൈലൈന്‍ പ്ലസ് എം‌ടി വേരിയന്‍റ്) വില 13,000 രൂപ കുറച്ച്‌ 7.89 ലക്ഷത്തിനാണ് വില്‍ക്കുന്നത്. വെന്റോയുടെ വില ഒരു ലക്ഷം രൂപ കുറച്ച്‌ 10.99 ലക്ഷത്തിനാണ് വില്‍ക്കുന്നത്.

കൂടുതല്‍ വ്യത്യസ്തമായ ഇഎംഐ ഓപ്ഷനുകളാണ് ഹ്യൂണ്ടായ് മുന്നോട്ടുവെക്കുന്നത്. ആദ്യ മൂന്ന് മാസത്തേക്ക് കുറഞ്ഞ ഇഎംഐയും ശേഷിക്കുന്ന തുക മൂന്ന്, നാല്, അഞ്ച് വര്‍ഷ ഓപ്ഷനുകളില്‍ ഒന്നായി തെരഞ്ഞെടുക്കാം. എട്ട് വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരിച്ചടവ് കാലയളവുള്ള ഇഎംഐ ഓഫറും ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ എലൈറ്റ് ഐ 20, സാന്‍‌ട്രോ, ഗ്രാന്‍ഡ് ഐ 10 നിയോസ്, എലാന്‍ട്ര എന്നിവയ്ക്ക് കമ്ബനി നല്‍കുന്ന 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസിന് പുറമെ 10,000 മുതല്‍ 40,000 രൂപ വരെ നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ട് ഹ്യൂണ്ടായ് ഡീലര്‍മാരും വാഗ്ദാനം ചെയ്യുന്നു.

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ വരുന്നത്. മെയ് മാസത്തിലാണ് ഉപയോക്താക്കള്‍ക്കായി ഈ ഓഫര്‍ നല്‍കുന്നത്. ഏതെങ്കിലും റെനോ കാര്‍ വാങ്ങാനും ഇഎംഐ 3 മാസത്തിനുശേഷം അടയ്ക്കാനും കഴിയുന്ന പദ്ധതിയാണിത്. ഡീലര്‍മാരെ സമീപിച്ചാലോ റെനോ ഇന്ത്യ വെബ്‌സൈറ്റിലോ മൈ റെനോ ആപ്പിലോ ഈ ഓഫറിന്‍റെ വിശദാംശങ്ങള്‍ ലഭിക്കും.

കാര്‍ വാങ്ങുന്നവര്‍ക്കായി ‘ജോബ് ലോസ് കവര്‍’ എന്ന പേരില്‍ 650 രൂപയുടെ സിംഗിള്‍ പ്രീമിയം ഇന്‍ഷുറന്‍സ് കവറേജും റെനോ അവതരിപ്പിക്കുന്നുണ്ട്. കോവിഡ് -19 ഉള്‍പ്പെടെ ഏതെങ്കിലും രോഗമുണ്ടായാലോ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, ജോലിയില്‍ നിന്ന് പിന്മാറുക, ആകസ്മിക മരണം, സ്ഥിരമായ വൈകല്യം, ആശുപത്രിയില്‍ പ്രവേശിക്കല്‍ തുടങ്ങിയവയ്ക്ക് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ സഹായകരമാകും.

റെനോയുടെ ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ തുടങ്ങിയ മോഡലുകള്‍ക്കും ക്യാഷ് ഓഫറുകള്‍, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, ഫിനാന്‍സ് എന്നിവ ലഭ്യമാണ്. 8.99 ശതമാനം നിരക്കില്‍ ഇഎംഐ ഓഫറുകളും ഉണ്ട്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയല്‍റ്റി ബെനിഫിറ്റ് എന്നിവയായി 30,000 മുതല്‍ 60,000 രൂപ വരെ നേരിട്ടുള്ള ആനുകൂല്യങ്ങള്‍ ഫ്രഞ്ച് കമ്ബനി വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട കാര്‍സ് ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ അമേസ് കോംപാക്റ്റ് സെഡാന് 32,000 രൂപയുടെ ആനുകൂല്യമാണ് നല്‍കുന്നത്. ഇതില്‍ നാല്, അഞ്ച് വര്‍ഷ വാറണ്ടിയും കാര്‍ എക്സ്ചേഞ്ചിന് അധിക കിഴിവും ഉള്‍പ്പെടുന്നു. സിറ്റി മിഡ്-സൈസ് സെഡാന്‍റെ ഓഫര്‍ 50,000 രൂപ ക്യാഷ് ഡിസ്കൌണ്ട് ഉള്‍പ്പെടെ ഒരു ലക്ഷം രൂപയായി ഹോണ്ട ഉയര്‍ത്തി.

ഇന്ത്യന്‍ കാര്‍-വിപണിയിലെ അതികായന്‍മാരായ മാരുതി സുസുക്കി വിവിധ മോഡലുകള്‍ക്ക് 10,000 മുതല്‍ 45,000 രൂപ വരെയുള്ള ഓഫറുകള്‍ നല്‍കുന്നുണ്ട്. ടാറ്റ മോട്ടോഴ്സ് ഹരിയര്‍, ടിയാഗോ, ടിഗോര്‍ മോഡലുകള്‍ക്ക് 25000 മുതല്‍ 40,000 രൂപ വരെയുള്ള ഓഫറുകള്‍ നല്‍കുന്നുണ്ട്.

ലോക്ക്ഡൌണ്‍ ഇളവ് പ്രകാരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച്‌ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കാര്‍ ഷോറൂമുകള്‍ തുറക്കാന്‍ അനുമതിയായി. നിരവധി കമ്ബനികള്‍ ഓണ്‍ലൈന്‍ മുഖേന ഷോറൂമുകളില്‍ വില്‍പന ആരംഭിച്ചിരുന്നു. വാഹനം ബുക്ക് ചെയ്തവര്‍ക്ക് അത് വിതരണം ചെയ്തു തുടങ്ങി. റെഡ് സോണ്‍ മേഖലകളില്‍ ലോക്ക്ഡൌണ്‍ പിന്‍വലിച്ചശേഷമായിരിക്കും വാഹനം ബുക്ക് ചെയ്തവര്‍ക്ക് അത് ലഭ്യമാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button