ന്യൂഡൽഹി: റവന്യു കമ്മി പരിഹരിക്കാൻ 14 സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സഹായത്തിന്റെ ഈ മാസത്തെ ഗഡുവായി 6195.08 നൽകാൻ തീരുമാനിച്ച് കേന്ദ്ര ധനമന്ത്രാലയം. 1276.91 കോടിയാണ് കേരളത്തിന്റെ വിഹിതം. 2020–21ലെ റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് മൊത്തം 15,323 കോടി രൂപ നൽകണമെന്നാണു 15ാം ധനകാര്യ കമ്മിഷൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തത്.
അതേസമയം, ലോക്ക് ഡൗണിൽ ആവശ്യമായ ഇളവുകളെക്കുറിച്ച് 15നകം നിർദേശങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണവിധേയമാവാത്ത സ്ഥിതിയിൽ 17നു ശേഷവും ഇളവുകളോടെ ലോക്ഡൗൺ തുടരേണ്ടിവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ട്രെയിൻ സർവീസ് പുനരാംരംഭിക്കുന്നതിനോട് ചില മുഖ്യമന്ത്രിമാർ വിയോജിച്ചു. തൽക്കാലം ദീർഘദൂര സർവീസുകൾ മാത്രമാണ് അനുവദിക്കുന്നതെന്നും മറ്റു സർവീസുകൾക്കുള്ള വിലക്കു തുടരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഉദ്ദേശിച്ചും വ്യവസായ–തൊഴിൽ മേഖലയുടെ ആവശ്യങ്ങൾ കണക്കിലെടുത്തുമാണ് ദീർഘദൂര സർവീസുകൾ തുടങ്ങുന്നത്.
ഗുരുതര പ്രശ്നങ്ങളുള്ള മേഖലകളിൽ കർശന ലോക്ഡൗണും മറ്റു സ്ഥലങ്ങളിൽ അകല വ്യവസ്ഥയുൾപ്പെടെ രോഗ വ്യാപന പ്രതിരോധ നടപടികൾ മാത്രവുമെന്നതാണ് പരിഗണനയിൽ. അപ്പോഴും, സംസ്ഥാനങ്ങൾക്ക് തങ്ങളുടേതായ രീതിയിൽ നിയന്ത്രണങ്ങൾ തുടരാനുള്ള അനുമതി നൽകും. ഓൺലൈൻ പഠന രീതി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി സൂചിപ്പിച്ചതായി അറിയുന്നു.
Post Your Comments