ഹൈദരാബാദ് • വീട്ടില്‍ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ഭാര്യയുടെ പരാതിയില്‍ പോലീസ് പിടികൂടി. തെലങ്കാനയിലെ മേഡക് ജില്ലയിലെ വനസ്തലിപുരത്താണ് സംഭവം. സംഭവത്തില്‍ മുനിസിപ്പൽ വൈസ് ചെയർമാൻ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഐഡിഎ ബൊല്ലാരം മുനിസിപ്പൽ വൈസ് ചെയർമാൻ അന്തിറെഡ്ഡി അനിൽ റെഡ്ഡി, സോഫ്റ്റ്വെയര് എഞ്ചിനീയറായ കോന ദീക്ഷിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍വാണിഭ കേന്ദ്രത്തിന്റെ മുഖ്യ സംഘാടകൻ രാഘവേന്ദ്ര റെഡ്ഡി രക്ഷപ്പെട്ടതായി വനസ്തലിപുരം പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ സ്ത്രീകളെ ഹൈദരാബാദിലേക്ക് മാറ്റി. മൂന്ന് പ്രതികളെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റെഡ്ഡിയുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. ലോക്ക്ഡൗൺ കാലയളവിൽ ഭാര്യയുടെ അഭാവത്തില്‍ സ്ത്രീകളെ എത്തിച്ച് റെഡ്ഡി വേശ്യാവൃത്തി റാക്കറ്റ് നടത്തുകയായിരുന്നു.
വിവാഹം കഴിഞ്ഞനാള്‍ മുതല്‍ രാഘവേന്ദ്ര തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവരികയാണെന്ന് ഭാര്യ പരാതിയില്‍ ആരോപിച്ചു. ഇയാള്‍ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം പുലര്‍ത്തി തന്നെ ചതിച്ചതായും തന്റെ അഭാവത്തില്‍ വീട്ടില്‍ വേശ്യാലയം നടത്തുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വീട്ടില്‍ പാര്‍പ്പിച്ച ശേഷം രാഘവേന്ദ്ര റെഡ്ഡി ഇടപാടുകാരെ ഇവിടേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.
ഒളിവില്‍ രാഘവേന്ദ്രയെ കണ്ടെത്താനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments