കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് പ്രമുഖ കച്ചവട വെബ്സൈറ്റായ ഒ.എല്‍.എക്സ് വഴി തട്ടിപ്പു നടത്തുന്ന സംഘം കേരളത്തിലും സജീവം. എന്നാൽ പണം നഷ്ടപ്പെട്ടവർ നാണക്കേട് കാരണം പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കേരളത്തിനു പുറത്ത് നിരവധിപേരെ പറ്റിച്ച ഉത്തരേന്ത്യന്‍ സംഘമാണ് വിലസുന്നത്. പട്ടാളക്കാരനാണെന്ന വ്യാജേന കുറഞ്ഞ വിലയ്ക്ക് കാര്‍ വില്‍ക്കാനുണ്ടെന്ന് ഒ.എല്‍.എക്സില്‍ പരസ്യം ചെയ്യുകയും അഡ്വാന്‍സ് തുക വാങ്ങിയ ശേഷം മുങ്ങുകയുമാണ് പതിവ്.
കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപയാണ്. കെ.എല്‍ 7 ബി.യു 6982 എന്ന നമ്പറിലുള്ള സിഫ്റ്റ് കാര്‍ വില്പനക്കുണ്ടെന്ന് ഒ.എല്‍.എക്സില്‍ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. ഉത്തരേന്ത്യയിലിരുന്നാണ് ഇവര്‍ തട്ടിപ്പുനടത്തുന്നത്. മല്ലപ്പള്ളി സ്വദേശി അനീഷ് കുമാര്‍ കെ. എസിന്റെ പേരിലുള്ളതാണ് ഈ കാര്‍. ഈ ഉടമയുടെ പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡുണ്ടാക്കിയാണ് തട്ടിപ്പുനടത്തുന്നത്.
പട്ടാളക്കാരനാണെന്ന് ബോധ്യപ്പെടുന്ന രീതിയിലാണ് ഐഡന്റിറ്റി കാര്‍ഡുകളെല്ലാം. ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാന്‍ പട്ടാളവേഷത്തിലുള്ള പടവും മിലിറ്ററി കാന്റീന് കാര്‍ഡും ആധാര്‍ കാര്‍ഡും ഓണ്‍ലൈനില്‍ അയച്ചുകൊടുക്കും. ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചാണ് ആവശ്യക്കാരെ ‘വീഴ്ത്തുന്നത്’. രാജ്യത്ത് പലയിടത്തും തട്ടിപ്പ് നടത്താന്‍ കാന്റീന് കാര്‍ഡില്‍ ഒരേ ഫോട്ടോയാണ് ഉപയോഗിക്കുന്നത്.
അഡ്വാന്‍സായി 5000 രൂപയാണ് വാങ്ങിയത്. ഓണ്‍ലൈന്‍ വഴി ഈ പണം കൈമാറിയാല്‍ കാര്‍ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. കാര്‍ പാര്‍സല്‍ ചെയ്യാനുള്ള തുകയാണെന്ന് വിശ്വസിപ്പിക്കും. മിലിറ്ററി പോസ്റ്റല്‍ സര്‍വിസിന്റെ പേരില്‍ വ്യാജ രസീതും നല്‍കും. പിന്നീട്, കാറുമായി എത്തുകയാണെന്ന് അറിയിക്കും. വഴിയില്‍ ചില കുഴപ്പത്തില്‍ കുടുങ്ങിയെന്നും 10,000 രൂപ കൂടി ഉടന്‍ ഓണ്‍ലൈന്‍വഴി കൈമാറണമെന്നും ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസ്സിലാകാതെ ഈ പണവും കൊടുത്ത് കഴിഞ്ഞാല്‍ ഇവരെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല.
എറണാകുളം കൈതാരം സ്വദേശിനി മേരിയുടെ പേരില്‍ ഉടമസ്ഥാവകാശമുള്ള കെ.എല്‍ 26 സി 2800 എന്ന സ്വിഫ്റ്റ് കാര്‍ വില്‍ക്കാനുണ്ടെന്ന പുതിയ പരസ്യവുമായി തട്ടിപ്പുസംഘം വീണ്ടും ഒ.എല്‍.എക്സില്‍ എത്തിയിട്ടുണ്ട്. 90,000 രൂപയാണ് വില ചോദിക്കുന്നത്. മൂന്നാറിലുള്ള കാറാണെന്നാണ് പരസ്യത്തിലുള്ളത്.
Post Your Comments