KeralaLatest NewsUAENewsGulf

യു.എ.ഇയിലേക്ക് ഇന്ത്യന്‍ നേവി കപ്പല്‍ വരുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി

അബുദാബി • യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒരു ഇന്ത്യൻ നേവി കപ്പലും യു‌.എ.ഇയിലേക്ക് വരുന്നതായി ഒരു വിവരവുമില്ലെന്ന് ഉന്നത ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമുദ്ര സേതു ഓപ്പറേഷൻ പ്രഖ്യാപിച്ചതുമുതൽ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുടുങ്ങിപ്പോയ പൗരന്മാരെ ഒഴിപ്പിക്കാൻ 14 കപ്പലുകൾ തയ്യാറായിട്ടുണ്ടെന്നും അതിൽ രണ്ട് എണ്ണം മെയ് 5 ന് പുറപ്പെട്ടതായും ഇന്ത്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുടുങ്ങിയ പൗരന്മാരെ കൊണ്ടുവരുന്നതിനായി സതേൺ നേവൽ കമാൻഡുമായി ബന്ധപ്പെട്ട ഐ‌.എൻ.‌എസ് ഷാർദുൽ ദുബായിലേക്ക് പുറപ്പെട്ടതായും ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൂടാതെ, നാവികസേനയുടെ ജലാശ്വ മാലിദ്വീപിലെ തുറമുഖത്ത് പ്രവേശിച്ച ശേഷം, യു.എ.ഇ അധികൃതരുടെ അനുമതിക്കായി ഒരു കപ്പൽ ദുബായ് തീരത്തിന് പുറത്ത് കാത്തുനില്‍ക്കുന്നതായും പ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇതുവരെ ഒരു നാവിക കപ്പലിനെക്കുറിച്ചും അറിയില്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു.

“ഒരു നാവിക കപ്പലിനെക്കുറിച്ചും ഒരു വാര്‍ത്ത‍യുമില്ല. സത്യംപറഞ്ഞാല്‍, യു.എ.ഇയിലേക്ക് വരുന്ന ഒരു കപ്പലിനെക്കുറിച്ചും ഞങ്ങളോട് പറഞ്ഞിട്ടില്ല,” അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ കപ്പലുകൾ ഇവിടെയെത്തുമോയെന്ന് ചോദിച്ചപ്പോൾ, തങ്ങളെ സംബന്ധിച്ചിടത്തോളം യു.എ.ഇയിലേക്ക് ഒരു കപ്പലും വരുന്നതായി തങ്ങൾക്ക് വിവരമില്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും ഖലീജ് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മാലദ്വീപിൽ കുടുങ്ങിയ 698 പൗരന്മാരുമായി ഐ.എന്‍.എസ് ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button