മുംബൈ: മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം സൂചിപ്പിക്കുമെന്നും താക്കറെ വ്യക്തമാക്കി.’ലോക്ക് ഡൗണ്‍ വിജയിക്കാന്‍ എല്ലാവരും നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഞങ്ങള്‍ ലോക്ക് ഡൗണ്‍ നന്നായി കൈകാര്യം ചെയ്തു, പക്ഷേ ഇതുവരെ വൈറസ് വ്യാപനം ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
താമസിയാതെ മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ മടങ്ങിവരും. അതിനും തയ്യാറാകേണ്ടതുണ്ട്’. താക്കറെ പറഞ്ഞു.ഏതെങ്കിലും തരത്തില്‍ സഹായം ലഭ്യമാക്കാന്‍ കഴിയുമോ എന്ന കാര്യം കേന്ദസര്‍ക്കാരുമായി സംസാരിക്കും. അങ്ങനെയെങ്കില്‍ തങ്ങളുടെ പോലീസ് സേനയ്ക്ക് വിശ്രമിച്ച ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് സൈന്യത്തെ വിളിക്കുന്നതിന് തുല്യമാക്കരുതെന്നും പോലീസ് സേനയ്ക്ക് കുറച്ച് വിശ്രമം ലഭിക്കുന്നതിനു വേണ്ടിയാണിതെന്നും താക്കറെ പറഞ്ഞു.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,000 കടന്നു. ഇതില്‍ 12,000ത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ മരണസംഖ്യ 750 കവിഞ്ഞു. ഇതില്‍ പകുതിയിലധികം ആളുകളും മുംബൈ സ്വദേശികളാണ്. രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
Post Your Comments