വിശാഖപട്ടണം : ആന്ധ്രപ്രദേശില്‍ വിഷവാതക ദുരന്തം. വെളുപ്പിനെ മൂന്നു മണിക്കായിരുന്നു സംഭവം. വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. ഇതുവരെ എട്ടു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . 20 പേര് അതീവ ഗുരുതരാവസ്ഥയിലാണ് ഉള്ളത്. തെരുവുകളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വന്ന ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ 200 ലേറെ ജനങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുനൂറോളം പേര്‍ വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണെന്നാണ് ഒടുവിലത്തെ വിവരം.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എല്‍.ജി പോളിമര്‍ പ്ലാന്‍റില്‍ രാസവാതക ചോര്‍ച്ച ഉണ്ടായത്. ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പൊലീസ് നടത്തുണ്ടെങ്കിലും വീടുകളില്‍ പലതില്‍ നിന്നും പ്രതികരണമില്ലെന്നാണ് പ്രാഥമിക വിവരം.കിലോമീറ്ററുകള്‍ നടന്ന് ഗ്രാമങ്ങളില്‍ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഉണ്ട്.
വിഷവാതക ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാല്‍പുരത്തെ തെരുവുകളില്‍ കാണുന്നതെന്നാണ് അവിടെ നിന്നുള്ള വിവരം.സ്റ്റെറീന്‍ വാതകമാണ് ചോര്‍ന്നത്. വിഷവാതക ചോര്‍ച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയിട്ടുണ്ട്.
Post Your Comments