മുംബൈ: മഹാരാഷ്ട്രയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജയില്‍ ജീവനക്കാരും തടവുപുള്ളികളും അടക്കം 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് ജയിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതെന്ന് ജയിൽ വൃത്തങ്ങൾ പറയുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ശിക്ഷ അനുഭവിക്കുന്ന 45കാരനായ തടവുപുള്ളിക്കാണ് ജയിലില്‍ കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്. 800ഓളം ജയില്‍ മുറികളില്‍ 2700 തടവുകാരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.150ഓളം പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
ഇന്ന് 40ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ആദ്യമായി സ്ഥിരീകരിച്ച തടവുപുള്ളിയെ മേയ് രണ്ടിന് പക്ഷവാതത്തെ തുടര്‍ന്ന് ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചൊവ്വാഴ്ച രണ്ട് ജയില്‍ ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇവര്‍ ജയില്‍ ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. ഇതേ തുടര്‍ന്ന് നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവനും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ സ്ഥിതി അനുദിനം ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ഇന്നലെ മാത്രം 1233 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 16758 ആയി. ഇന്നലെ മാത്രം സംസ്ഥാനത്ത് 34 പേര് കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരേയും കൊറോണ ബാധിച്ച് 651 പേരാണ് മരണപ്പെട്ടത്.
Post Your Comments