ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കെ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി.മുപ്പതിൽപ്പരം വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ കോവിഡ് നിവാരണ വാക്‌സിൻ വികസിപ്പിക്കാനുള്ള നിർണായക പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നത്. വാക്‌സിൻ വികസിപ്പിക്കുന്നതിന് രൂപീകരിച്ച കർമസമിതിയുടെ അംഗങ്ങൾ പരീക്ഷണങ്ങളുടെ പുരോഗതി പ്രധാനമന്ത്രിയെ അറിയിച്ചു.
അതേസമയം, ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ എണ്ണം 46,711 ആയി. ഇതുവരെ 1583 പേർ മരിച്ചു. ഡൽഹിയിൽ കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 364 ആയി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 49 മരണവും 441 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ 24 മണിക്കൂറിനിടെ 206 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് തുടരുകയാണ്. ഒടുവിലായി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിൽ രണ്ട് ഡോക്ടർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 31 ആശുപത്രികളിലെ 364 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം പിടിപ്പെട്ടു.
ഓരോ പതിനാല് പോസിറ്റീവ് കേസുകളിലും ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 3158 ആയി. ത്രിപുരയിൽ 13 ബി.എസ്.എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. തമിഴ്‌നാട്ടിൽ ഒടുവിലായി റിപ്പോർട്ട് ചെയ്ത 508 പോസിറ്റീവ് കേസുകളിൽ 279ഉം ചെന്നൈയിലാണ്.
Post Your Comments