Latest NewsIndia

ആശുപത്രി വിട്ടത് 10,000 ലേറെ പേര്‍, മരണനിരക്ക് താഴോട്ട്: ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്കു കടക്കുമ്പോൾ ആശ്വാസവുമായി രാജ്യം

ഒരു ദിവസത്തെ കണക്കില്‍ ഇതു റെക്കോഡാണെങ്കിലും കൂടുതലാളുകള്‍ ആശുപത്രി വിടുന്നുണ്ട്. രാജ്യത്തു 40,263 പേര്‍ക്കാണു കോവിഡ് ബാധിച്ചത്.

ന്യൂഡല്‍ഹി: രാജ്യം ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശ്വാസമായി മരണ നിരക്ക് താഴോട്ട്. ഓരോ ദിവസവും പുതുതായി ആയിരത്തില്‍പ്പരം രോഗബാധിതരുണ്ടാകുമ്പോഴും മതിയായ ചികിത്സ നല്‍കാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞുപോയ 24 മണിക്കൂറില്‍ 2,487 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ കണക്കില്‍ ഇതു റെക്കോഡാണെങ്കിലും കൂടുതലാളുകള്‍ ആശുപത്രി വിടുന്നുണ്ട്. രാജ്യത്തു 40,263 പേര്‍ക്കാണു കോവിഡ് ബാധിച്ചത്.

ഇതില്‍ പതിനായിരത്തിലേറെപ്പേര്‍ രോഗമുക്തരായി. രാജ്യത്തു കോവിഡ് ബാധിച്ചവരില്‍ നാലിലൊന്നും രോഗമുക്തരായി. മരിക്കുന്നത് നൂറില്‍ 3.2 പേര്‍ മാത്രം; ലോകത്തെ ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ നിരക്ക് ആണ് ഇന്ത്യയുടേത്. ഇന്നലെ മരണം 83. ഏറ്റവും കൂടുതലാളുകള്‍ക്കു രോഗം ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. ഇന്നലെ മാത്രം 790 പുതിയ കേസുകളും 36 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,296 ആയും മരണസംഖ്യ 521 ആയും ഉയര്‍ന്നു.

ഇതുവരെ 5,055 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 4,122 കേസുകളുള്ള ഡല്‍ഹി മൂന്നാമത്. രാജസ്ഥാനില്‍ ഇന്നലെ 70 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്, രണ്ടു മരണവും.രാജ്യത്തെയാകെ കോവിഡ് മരണം 1,306 ആണ്. 28,070 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,193 പേര്‍ നിരീക്ഷണ കേന്ദ്രങ്ങളിലും വീടുകളിലുമായി ഐസൊലേഷനിലാണ്. അതിനിടെ, സി.ആര്‍.പി.എഫ്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജാവേദ് അഖ്തറിന്റെ സ്‌റ്റെനോഗ്രാഫര്‍ കോവിഡ് പോസിറ്റീവായതോടെ ഡല്‍ഹിയിലെ ആസ്ഥാനം അണുനശീകരണത്തിനായി അടച്ചു.

ജാവേദ് അഖ്തറടക്കം പത്തോളം പേര്‍ ക്വാറന്റീനിലാണ്. ഡല്‍ഹി മയൂര്‍വിഹാറിലെ സി.ആര്‍.പി.എഫ്. 31-ാം ബറ്റാലിയനാകെ നിരീക്ഷണത്തിലാണ്.രാജ്യത്ത് കോവിഡ് -19 കണ്ടെത്തുന്നതിനായി നടത്തിയ ആര്‍.ടി-പി.സി.ആര്‍. പരിശോധന പത്തു ലക്ഷം കടന്നതായി ഐ.സി.എം.ആര്‍. അധികൃതര്‍ അറിയിച്ചു. ഇന്നലെ vai കുന്നേരം വരെ 10,64,000 ടെസ്റ്റുകള്‍ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button