സിയോള്‍ • മൂന്നാഴ്ച നീണ്ട അജ്ഞാത വാസത്തിന് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ പൊതുപരിപാടിയില്‍ പ്രത്യേക്ഷപ്പെട്ടതിന് പിന്നാലെ അതിര്‍ത്തിയില്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ രൂക്ഷമായ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഉത്തര, ദക്ഷിണ കൊറിയൻ സൈന്യം ദക്ഷിണ കൊറിയയുടെ ഗാർഡ് പോസ്റ്റിന് ചുറ്റും വെടിവയ്പ് നടത്തിയത്.
അതിർത്തി മേഖലയ്ക്കുള്ളിലെ ദക്ഷിണ കൊറിയൻ ഗാർഡ് പോസ്റ്റിൽ രാവിലെ 7:41 ന് ഉത്തരകൊറിയൻ സൈന്യം നിരവധി തവണ വെടിയുതിര്‍ത്തതായി സിയോളിലെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണ കൊറിയന്‍ സൈന്യവും തിരിച്ചടിച്ചു.
വെടിവയ്പിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തടസങ്ങളില്ലാത്ത പ്രദേശത്തേക്ക് ദക്ഷിണ കൊറിയ മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയതിനാല്‍ ഉത്തരകൊറിയയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, നോര്‍ത്ത് കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കിം ഒരു വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
സംഘര്‍ഷം വലുതാകുന്നത് ഒഴിവാക്കാന്‍ ദക്ഷിണ കൊറിയ ഉത്തരകൊറിയയ്ക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.
Post Your Comments