കോഴിക്കോട്: കോവിഡ് മഹാമാരിയെ എങ്ങനെ നേരിടണമെന്ന് വ്യക്തമാക്കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ ഡോ. വി.കെ ഷമീര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്നത് ട്രെയിലര്‍ മാത്രമാണെന്നും യഥാര്‍ത്ഥ ഷോ കാണിനിരിക്കുന്നതേയുള്ളൂവെന്നും ഡോക്ടര്‍ പറയുന്നു. ആശുപത്രികളിലെ മുന്‍ഗണന എപ്പോഴും രോഗത്തിന്റെ കാഠിന്യം അനുസരിച്ചായിരിക്കണം. ആംബുലന്‍സിന്റെ ലഭ്യതയും. ഏറ്റവും ഗുരുതരമായ രോഗമുള്ളവന് ആണ് ആശുപത്രിയില്‍ ഒന്നാമന്. നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുന്ന രോഗികളില്‍ ഭൂരിഭാഗത്തിനും ആശുപത്രിയേ ആവശ്യമില്ല. അവരില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള മാർഗങ്ങള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും വി.കെ ഷമീര്‍ കൂട്ടിച്ചേർക്കുന്നു.
Read also: ഡൽഹി തുറക്കേണ്ട സമയമായി; കൊറോണക്കൊപ്പം ജീവിക്കാൻ തയ്യാറെടുക്കുക; കേജരിവാൾ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സൂര്യാസ്തമയ സമയം കോഴിക്കോട് മെഡിക്കൽ കോളേജിനുള്ളിലെ പാതകളിലൂടെ നടന്നിട്ടുണ്ടോ? ഇല്ലെങ്കിൽ നടക്കണം. ഇരുവശത്തും നിറയെ വലിയ മരങ്ങളാണ്. മരങ്ങളിൽ നിറയെ കാക്കകളും. നിങ്ങൾ നടക്കുമ്പോൾ കാക്കകൾ കാഷ്ഠിച്ചു കൊണ്ടേയിരിക്കും. അത് തലയിൽ വീഴാതെ അറ്റം പിടിക്കുന്നത് നിങ്ങളുടെ കഴിവാണ്. എത്ര ശ്രമിച്ചാലും ചില നിർഭാഗ്യവാൻമാരുടെ തലയിൽ അതു വീഴുക തന്നെ ചെയ്യും. മരങ്ങളിലെ കാക്കകളെ ഒഴിവാക്കൽ അസാദ്ധ്യം. അതിന് വേണ്ടി മരങ്ങൾ നശിപ്പിക്കുന്നത് അതിനേക്കാൾ അസാദ്ധ്യം.
ഇതു പോലെയാണ് ഇനി കോവിഡ്. നമ്മുടെ തലക്കു മുകളിൽ വീഴാൻ തയ്യാറായി ഇവിടെയൊക്കെത്തന്നെ കാണും.
കോവിഡിൻ്റെ ട്രെയിലർ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ യഥാർത്ഥ ഷോ ഇനി വരാനിരിക്കുന്നേയുള്ളൂ.
ഇതു വരെ നാം ചെയ്തതെല്ലാം ശരി, പക്ഷേ ഇനി അങ്ങോട്ട് ഇത് മതിയോ,
എങ്ങനെ നേരിടാനാണ് നാം ഉദ്ദേശിക്കുന്നത്?
ഇന്ന് കോവിഡുകാർക്ക് ഡബിൾ റോൾ ആണ്. ആശുപത്രിക്കുള്ളിൽ ഹീറോ, പുറത്ത് വില്ലൻ!
കോവിഡ് ചികിത്സിക്കുന്ന ആശുപത്രികളിലെ എല്ലാ ഭൗതിക, മനുഷ്യവിഭവശേഷിയും അവർക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നു. മറ്റൊരു രോഗിക്കും കിട്ടാത്ത പരിഗണനയാണ് അവർക്ക് കിട്ടുന്നത്. അവസാനം ഡിസ്ചാർജ് ആകുമ്പോൾ പത്രത്തിൽ ഫോട്ടോയും!
എന്നാൽ നാട്ടിലോ, വെറുതെ വഴിയിൽ നിൽക്കുന്ന ഒരാളെ കാണിച്ച് ഇവന് കോവിഡാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവനെ ബാക്കി ഉള്ളവർ തല്ലിക്കൊല്ലുന്ന അവസ്ഥയും. രോഗം സംശയിക്കപ്പെടുന്നവർ, അവരുടെ ബന്ധുക്കൾ, അറിയാതെ അവരെ സഹായിക്കാൻ പോയവർ, അറിഞ്ഞു കൊണ്ട് അവരെ സഹായിച്ചവർ (ആശുപത്രി ജീവനക്കാർ ) ഇവരെല്ലാം പിന്നെ തൊട്ടുകൂടാത്ത, തീണ്ടിക്കൂടാത്ത വർഗ്ഗം. ‘കോവിഡി’നെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ വൈകുന്നതിൽ വേവലാതിപ്പെടുന്നവൻ രോഗിയുടെ ജീവനെ കുറിച്ചോർത്തുള്ള ആശങ്കയല്ല, വൈറസുള്ള ശരീരത്തെ അയാളുടെ ‘ശുദ്ധമായ’ ശരീരത്തിനടുത്തു നിന്ന് എത്രയും പെട്ടെന്ന് മാറ്റാത്തതിലുള്ള അരിശമാണ് പ്രകടിപ്പിക്കുന്നത്.
എന്നാൽ ഇതൊന്നും വെച്ച് നമുക്ക് മുൻപോട്ട് നീങ്ങാൻ കഴിയില്ല.
ആശുപത്രികളിലെ മുൻഗണന എപ്പോഴും രോഗത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കണം. ആംബുലൻസിൻ്റെ ലഭ്യതയും. ഏറ്റവും ഗുരുതരമായ രോഗമുള്ളവൻ ആണ് ആശുപത്രിയിൽ ഒന്നാമൻ. നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാവുന്ന രോഗികളിൽ ഭൂരിഭാഗത്തിനും ആശുപത്രിയേ ആവശ്യമില്ല. അവരിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ മാത്രമേ ആവശ്യമുള്ളൂ. അതിന് അനുയോജ്യമായ സ്ഥലങ്ങളാണ് കണ്ടെത്തേണ്ടത്. രോഗം സംശയിക്കുന്നവർക്ക് ടോയ്ലെറ്റ് സൗകര്യം ഉള്ള ഒരു മുറി, സ്ഥിരീകരിച്ചവർക്കാണെങ്കിൽ ഒന്നിച്ച് ഒരു വാർഡോ ഡോർമറ്റിറിയോ. ദിവസവും ഭക്ഷണവും ഫോൺ വിളിക്കാനുള്ള സൗകര്യവും. അതിനോടു ചേർന്ന് ടെസ്റ്റ് ചെയ്തു നോക്കാനുള്ള സൗകര്യം കൂടി ആയാൽ 90 ശതമാനം കോവിഡും അങ്ങനെ ചികിത്സിക്കാം.
പ്രയോജനം എന്താണ്? പ്രധാനപ്പെട്ട ആശുപത്രികളെ നമുക്ക് ഫ്രീയാക്കാൻ കഴിയും.
അവർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട രോഗങ്ങൾ ചികിത്സിക്കാൻ സാധിക്കും. ആശുപത്രിയിൽ തിരക്കുകൂടുന്നതും ഐസൊലേഷനിൽ രോഗികൾ കുടുന്നതും ചികിത്സയുടെ നിലവാരം കുറക്കും, രോഗികളുമായും ബന്ധുക്കളുമായും ആശയ വിനിമയം ബുദ്ധിമുട്ടിലാക്കും, ആശുപത്രികൾ രോഗ സംക്രമണത്തിൻ്റെ ഹോട്ട്സ്പോട്ടുകൾ ആകും.
വിദേശത്തു നിന്ന് തിരിച്ചു വരുന്നവർ?
കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വെച്ച്, തിരിച്ചു വരുന്ന എല്ലാവരേയും രണ്ടാഴ്ച പ്രത്യേകം മുറികളിൽ താമസിപ്പിച്ച ശേഷം വീട്ടിലേക്ക് വിടാൻ കഴിയുമെങ്കിൽ ഏറ്റവും നല്ലത്. അത് കഴിയാത്ത പക്ഷം ഓരോ കുടുംബവും അത് ഏറ്റെടുക്കേണ്ടി വരും. ഒരോ കുടുംബവും ഒരു വീടോ വീടിൻ്റെ ഒരു നിലയോ ഇതിനു വേണ്ടി കാണണം.
ഉദാഹരണത്തിന് വെവ്വേറെ വീടുകളിൽ താമസിക്കുന്ന ചേട്ടനനിയൻമാർ ആണെങ്കിൽ അവരുടെ അച്ഛനേയും അമ്മയേയും കുട്ടികളേയും മറ്റു രോഗങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ അവരേയും ഒരു വീട്ടിലേക്ക് മാറ്റട്ടെ, ഒരു വീട് പൂർണ്ണമായി ഒഴിവാക്കി കൊടുത്ത്, അവിടെ തിരിച്ചു വരുന്ന ആളെ നിർത്താം.
ഒരു വീട് മാത്രമുള്ള കുടുംബമാണെങ്കിൽ പ്രായമുള്ളവരേയും കുട്ടികളേയും മാറ്റി പാർപ്പിക്കാൻ ബന്ധുക്കൾ ആരെങ്കിലും തയ്യാറാവണം. അതുമില്ലെങ്കിൽ ഒരു നിലയെങ്കിലും ഒഴിഞ്ഞു കൊടുക്കാൻ കഴിയുമോ എന്ന് നോക്കാം. വെള്ളപ്പൊക്കക്കാലം നമ്മൾ ഇങ്ങനെയൊക്കെയല്ലേ അതിജീവിച്ചത്. ഇതിനൊന്നും സാധിക്കാത്തവരെ സർക്കാർ പ്രത്യേകം കേന്ദ്രങ്ങളിൽ നിർത്തേണ്ടി വരും. ഇങ്ങനെ താമസിക്കാനുള്ള സ്ഥലം കണ്ടു വെച്ച ശേഷം മാത്രമേ ഓരോരുത്തരും നാട്ടിലേക്ക് തിരിച്ച് പുറപ്പെടാൻ പാടുള്ളൂ. “വിദേശം” എന്നതിൽ രോഗം വല്ലാതെ വ്യാപിച്ച തമിഴ്നാടും മഹാരാഷ്ട്രയുമൊക്കെ പെടും.
ഇനി വരാൻ പോകുന്നത് പനിക്കാലമാണ്. ചെറിയ പനിയോ ചുമയോ തൊണ്ടവേദനയോ തോന്നുകയാണെങ്കിൽ അത് കോവിഡായിരിക്കാം. ആ ചിന്ത നിങ്ങളുടെ ഉറക്കം കെടുത്തേണ്ട. സാധാരണ ഒരു പനി വന്നാൽ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ കോവിഡിനും വേണ്ടൂ. ഇനി അത് കോവിഡ് അല്ലെങ്കിൽ മറ്റേതെങ്കിലും വൈറസ് ആവും. രണ്ടായാലും മറ്റൊരാൾക്ക് പകരാതെ നോക്കുക എന്നതിനാണ് പ്രാധാന്യം. വീടിനുള്ളിൽ മാത്രം കഴിയുക. വീടിനുള്ളിലും മാസ്ക് ധരിക്കുക. ഹെൽപ് ലൈൻ ഇൽ വിളിച്ചു നിർദ്ദേശിച്ച രീതിയിൽ മാത്രം ആശുപത്രിയിൽ പോവുക. ഏത് ജലദോഷപ്പനിയും ചികിത്സ തേടി കഴിഞ്ഞാൽ
മാറാൻ ചുരുങ്ങിയത് മൂന്നോ നാലോ ദിവസം എടുക്കുമെന്ന് മനസ്സിലാക്കി അത് വരെ മരുന്ന് കഴിച്ച് (കഴിച്ചില്ലെങ്കിലും കുഴപ്പമില്ല) വിശ്രമിക്കുക. അതേ പ്രശ്നത്തിന് ഡോക്ടർമാരെ മാറി മാറി കാണാൻ ശ്രമിക്കരുത്. എന്തെങ്കിലും ആവശ്യം തോന്നുകയാണെങ്കിൽ ആദ്യം ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കാം.
പനിയുടെ കൂടെ എന്തൊക്കെ ലക്ഷണങ്ങളെ ഭയക്കണം?
*ശ്വാസം മുട്ട്
*നെഞ്ചിടിപ്പ്, നെഞ്ചുവേദന
*ബോധക്ഷയം, പെരുമാറ്റത്തിലെ വ്യത്യാസം
*ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം (മൂത്രത്തിലെ നിറം മാറ്റം അടക്കം)
*നിൽക്കാത്ത ഛർദ്ദി, വയറിളക്കം, വയറുവേദന
* സഹിക്കാൻ പറ്റാത്ത തല വേദന
*കുറയുന്ന മൂത്രത്തിൻ്റെ അളവ്
*എന്തെങ്കിലും കാരണം കൊണ്ട് വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥ
*അകാരണമായ ക്ഷീണം
*കണ്ണിലോ തൊലിയിലോ മഞ്ഞ
*ശരീരത്തിൽ നീര്
മേൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ വൈകാതെ വൈദ്യസഹായം തേടണം.
പനി ഉളളവർ ആശുപത്രിയിൽ പോകുമ്പോൾ പനി ചികിത്സിക്കുന്ന ആശുപത്രിയുടെ ഭാഗം നേരത്തെ ചോദിച്ചറിഞ്ഞ ശേഷം അവിടെ മാത്രം സന്ദർശിക്കാൻ ശ്രമിക്കണം.
ദീർഘ കാലമായി രോഗമുള്ളവർ ഡോക്ടർ നിർദ്ദേശിച്ചാലോ അല്ലെങ്കിൽ എന്തെങ്കിലും പുതിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലോ മാത്രമേ ചെറിയ ഇടവേളകളിൽ ആശുപത്രിയിൽ പോകേണ്ടതുള്ളൂ.
ഓരോ രോഗത്തിനും ഡോക്ടർ നിർദേശക്കുന്ന ചികിത്സയും ടെസ്റ്റും സ്വീകരിക്കുക. ഡോക്ടറോട് ടെസ്റ്റും റഫറൻസും അങ്ങോട്ട് നിർദ്ദേശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ‘ചെക്ക് അപ്പുകൾ’ക്കൊന്നും നല്ല സമയം ഇതല്ലെന്ന് തിരിച്ചറിയണം. പഴയ പോലെ ഡോക്ടർ ‘കുഴൽ വെച്ചു നോക്കിയില്ല’, ‘തൊട്ടു നോക്കിയാല്ല’ എന്നൊന്നും പരിഭവം പറയരുത്. തൊണ്ണൂറു ശതമാനം രോഗവും നിങ്ങൾ പറഞ്ഞു കൊടുക്കുന്ന രോഗവർണ്ണനയിൽ നിന്നും തീരുമാനമാകുന്നവയാണ്. പത്തു ശതമാനത്തിന് മാത്രമേ ദേഹ പരിശോധനയും രക്ത പരിശോധനയും വേണ്ടൂ. നിങ്ങളുടെ സംസാരം കേട്ട് രോഗം തീരുമാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ നിങ്ങളെ വിശദമായി പരിശോധിക്കും.
ജൂനിയർ ഡോക്ടർമാർ ,നഴ്സുമാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർക്ക്:
ചികിത്സിക്കുന്ന ഏതൊരു രോഗിയും കോവിഡ് പോസിറ്റീവ് ആവാം എന്ന തിരിച്ചറിവോടെ വേണം രോഗികളെ കാണാൻ. പനി ചികിത്സിക്കുന്ന ഭാഗത്ത് അല്ലെങ്കിലും, കോവിഡിൻ്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഇത് സംഭവിക്കാം. ലോകത്ത് പല ആരോഗ്യ പ്രവർത്തകർക്കും രോഗം പകർന്നു കിട്ടിയത് ഒട്ടും സംശയിക്കാതിരുന്ന, ഒരു ലക്ഷണവും കാണിക്കാതിരുന്ന രോഗിയെ ചികിത്സിച്ചതിൽ നിന്നായിരുന്നു എന്നത് മറന്നു കൂട. അതുകൊണ്ട് ഏത് രോഗിയിൽ നിന്നും രോഗബാധ ഉണ്ടാകാം എന്ന ചിന്ത ഉണ്ടാകണം, അതിനു വേണ്ട കരുതൽ എടുക്കണം.സാർവത്രികമായ മാസ്ക്, കണ്ണട തുടങ്ങിയവയുടെ ഉപയോഗം, മറ്റ് പ്രൊസീജ്വറുകൾ ചെയ്യുമ്പോൾ അതിനനുസൃതായുള്ള മറ്റു സംരക്ഷണ നടപടികളും സ്വീകരിക്കണം. കൈ കഴുകലിൽ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗത്തിൽ ഒരു കുറവും വരാതെ നോക്കണം. പോക്കറ്റിൽ എപ്പോഴും ഒരു ചെറിയ കുപ്പി ഹാൻ്റ് റബ് കിടന്നോട്ടെ. ബാഗിൽ മാസ്കും. ജോലി കോവിഡിലിലാണെങ്കിലും അല്ലെങ്കിലും ആശുപത്രി വിട്ടാൽ കുളിച്ച് വസ്ത്രം മാറാതെ വീട്ടിലേക്കോ സൂപ്പർ മാർക്കറ്റ് പോലെയുള്ള മറ്റു സ്ഥലങ്ങളിലോ പോകരുത്. രോഗികളുടെ കട്ടിലിൽ കുത്തിയിരുന്ന് കത്തിയടിക്കൽ, ഒ പി പരിശോധനക്കിടെ ടിഷ്യു പേപ്പറുകൊണ്ട് ട്രൗസറീടിച്ച് പഴംപൊരി തിന്നൽ, പേന കൊണ്ട് ചെവി ചൊറിയൽ തുടങ്ങിയവയൊക്കെ താൽക്കാലികമായി നിർത്തി വെക്കേണ്ടി വരും. ഡോക്ടർമാരാണെങ്കിലും മാസ്ക് മൂക്കും വായും മറക്കുന്ന രീതിയിൽ തന്നെ അണിയേണ്ടി വരും (താടിയിലും കഴുത്തിലും മതിയാവില്ല). രോഗികൾക്ക് ഫോൺ നമ്പർ കൊടുക്കാൻ ഒട്ടും ശങ്കിക്കേണ്ട. റിസൽട്ടുകൾക്കെ വാട്ട്സ്ആപ്പ് വഴി വന്നോട്ടെ.
കോവിഡിൻ്റെ ഫിലോസഫി “ഇന്നു ഞാൻ നാളെ നീ” എന്ന പോലെ സിംപിൾ ആണ്. ഇനി കോവിഡ് അല്ലെങ്കിൽ അഡിനോയുണ്ട്, റൈനോയുണ്ട്, എൻ്ററോയുണ്ട് അങ്ങനെ ആയിരക്കണക്കിന് വൈറസ് വേറെയുണ്ട്. അതിലേതെങ്കിലുമൊക്കെ ശരീരത്തിൽ കയറാതെ ഈ പാതയുടെ അറ്റം കാണില്ല. കോവിഡ് മാത്രം എന്തോ അസാൻമാർഗിക പ്രവൃത്തികൾ ചെയ്തോ പാമ്പിനെ തിന്നോ വാങ്ങി വെച്ചതല്ല. അതു കൊണ്ട് ഒരു വിവേചനവും വേണ്ട.
കോവിഡ് വരാതിരിക്കാൻ ഒരുലളിതമായ മാർഗ്ഗം ഉണ്ട്. നാം പെരുമാറുന്ന ഓരോരുത്തരുടെയും ഉള്ളിൽ കോവിഡ് ഉണ്ടാകുമെന്ന് സങ്കൽപ്പിക്കുക, അത് നിങ്ങളുടെ ചേട്ടനോ, അനിയനോ അല്ലെങ്കിൽ ചേച്ചിയോ, അനിയത്തിയോ ആണെന്നും സങ്കൽപ്പിക്കുക. ഇനി ധൈര്യമായി പെരുമാറിക്കോളൂ….
Post Your Comments