അകാലത്തില് വേർപിരിഞ്ഞ ഇർഫാൻ ഖാനെയും ഋഷി കപൂറിനെയും അനുസ്മരിച്ച് സംവിധായകൻ ലാൽ ജോസ് എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. പോയ ആഴ്ച രവിയേട്ടനും (രവി വള്ളത്തോൾ) വേലായുധേട്ടനും (വേലായുധൻ കീഴില്ലം) നമ്മെ വിട്ടു പോയി. മുന്നനുഭവം വച്ച് രണ്ട് സിനിമാക്കാർ മരിച്ചാൽ മൂന്നാമതൊന്ന് പിന്നാലെയെന്നൊരു പേടി തട്ടിയിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ ഇടത്തു നിന്നാണ് ഇക്കുറി മൂന്നാമത്തേയും നാലമത്തേയും മരണവാർത്തകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Read also: 7.7 കോടി കാഴ്ചക്കാരുമായി ടെലിവിഷൻ മേഖലയിൽ റെക്കോര്‍ഡുകള്‍ തീർത്ത് രാമായണം പരമ്പര
കുറിപ്പിന്റെ പൂർണരൂപം;
പോയ ആഴ്ച രവിയേട്ടനും (രവി വള്ളത്തോൾ) വേലായുധേട്ടനും (വേലായുധൻ കീഴില്ലം) നമ്മെ വിട്ടു പോയി. മുന്നനുഭവം വച്ച് രണ്ട് സിനിമാക്കാർ മരിച്ചാൽ മൂന്നാമതൊന്ന് പിന്നാലെയെന്നൊരു പേടി തട്ടിയിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ ഇടത്തു നിന്നാണ് ഇക്കുറി മൂന്നാമത്തേയും നാലമത്തേയും മരണവാർത്തകൾ- ഇർഫാൻ ഖാനും ഋഷി കപൂറും. ഋഷി കപൂർ സിനിമകൾ എനിക്ക് കൗമാരത്തോട് ഒട്ടിനിൽക്കുന്ന ഓർമ്മയാണ്.
അളന്ന് തൂക്കി മാത്രം കിട്ടുന്ന ജീവിത സൗകര്യങ്ങളുടെ കൗമാരകാലത്ത് സ്വപ്നങ്ങൾക്ക് പക്ഷെ ഒരു ക്ഷാമവുമില്ലായിരുന്നു. മലമടക്കുകൾ താണ്ടുന്ന ബൈക്കും, ഹൃദയം കൊരുത്തു വലിക്കുന്ന പ്രണയവും, കരുത്തൻമാരെ വെല്ലുന്ന ധൈര്യവും ഒക്കെ സ്വപ്നത്തിൽ മാത്രം സ്വന്തമായുണ്ടായിരുന്ന കാലം. എന്നാലും എത്രക്കങ്ങോട്ട് ശ്രമിച്ചാലും സ്വപ്നത്തിൽ പോലും ഒരു ഋഷികപൂറാകാൻ ഞങ്ങൾക്കാർക്കും സാധിക്കില്ലായിരുന്നു. വീഡിയോ കാസറ്റുകൾ വഴി സിനിമയും സിനിമാപാട്ടുകളും വീടുകളിലേക്ക് സന്ദർശകരായി എത്തികൊണ്ടിരുന്നു.
ഹിന്ദിഗാനങ്ങളടങ്ങിയ ചിത്രഹാർ കാസറ്റുകളിലൂടെ ഋഷികപൂർ നമ്മളെ വെല്ലുവിളിക്കും. അയാളുടെ ലോകം , അവിടുത്തെ തിളക്കങ്ങൾ, സൗന്ദര്യങ്ങൾ.. ആ സിനിമകൾ അപ്രാപ്യമായ സ്വപ്നലോകത്തെ നിറപ്പകിട്ടുളള ഒരു ഉത്സവമായിരുന്നു.സർവ്വസാധാരണമായ ജീവിതത്തിന്റെ ഇല്ലായ്മകൾക്കിടയിൽ അയതാർത്ഥതയുടെ മഹാസൗന്ദര്യം ഒരുക്കുന്ന കൺകെട്ട് വിദ്യകണ്ട് ഞങ്ങൾ ഋഷികപൂർ ആരാധകരായി. ഒരുക്കലും നമുക്ക് ആയിത്തീരാൻ സാധിക്കാത്ത ജീവിതം ജീവിക്കുന്ന അഭ്രപാളിയിലെ രാജകുമാരൻ.
ആഞ്ഞു ശ്രമിച്ചാൽ എത്തിപ്പിടിക്കാൻ പറ്റുന്ന പൂമരകൊമ്പായി ജീവിതം മാറിതുടങ്ങിയ കാലത്താണ് ഏതാണ്ട് എന്റെ സമപ്രായക്കാരനായ ഇർഫാൻ ഖാന്റെ സിനിമകൾ കാണുന്നത്. ദൈനംദിനം നമ്മൾ കടന്നുപോകുന്ന ജീവിതാവസ്ഥകളിലുളള കഥാപാത്രങ്ങൾ. അളന്ന് തൂക്കി മാത്രം ചിരിക്കുകയും പ്രണയിക്കുകയും ചെയ്ത നടൻ. അധികപറ്റായി ഒന്നുമില്ല, സൗന്ദര്യം പോലും. ഇങ്ങനെയൊരു നടനുളളപ്പോൾ യാതാർത്ഥ്യത്തിന്റെ പരുത്ത പ്രതലമുളള സിനിമകൾ ബോളിവുഡ്ഡിനും ശീലമായില്ലെങ്കിലേ അദ്ഭുതമുളളൂ.
ലോകസിനിമയിലേക്കാണ് അയാൾ അനായാസം കേറിപോയത്. ഈ ലോക്ഡൗൺ കാലത്ത് ഇൻഫേർണോയിൽ ടോം ഹാങ്ക്സിനൊപ്പം ഇർഫാനെകാണുമ്പോൾ ‘ഇതാ നമ്മുടെ പുളളി’ എന്ന് മനസ്സ് പറയുന്നത്ര അടുപ്പം ഇർഫാൻഖാൻ നമ്മളിൽ അവേശേഷിപ്പിച്ചു. ഉത്തരേന്ത്യൻ സുന്ദരൻമാർക്കുളള താര തിളക്കമല്ല, തനിനാടൻ കൂസലില്ലായ്മയുടെ പ്രതിഭയാണ് അയാളെ നമ്മുടെ അടുപ്പക്കാരനാക്കിയത്.
അകലത്തിലെ നക്ഷത്രവും അടുത്തവീട്ടിലെ ചങ്ങാതിയും ഒന്നിനെ പുറകെ ഒന്നായി പിരിഞ്ഞുപോകുമ്പോൾ, ഹൃദയം തൊട്ട് ആദാരാഞ്ജലികൾ അർപ്പിക്കാനല്ലാതെ നമുക്കെന്താവും.
Post Your Comments