‘മോദിയെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം,
പിണറായിയെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് സിരകളിൽ.’
വരികൾക്ക് ഒരു രാഷ്ട്രീയമാനവും നൽകേണ്ടതില്ല .ഞാൻ ഒരു പാർട്ടിയുടെയും വക്താവല്ല.
ജനാധിപത്യരാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ജനാധിപത്യ രാജ്യത്ത് ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ല .എന്നാൽ അത്യന്തം നിർണ്ണായകമായ ഈയവസരത്തിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ എന്ന ആശയം നടപ്പിലാക്കാനും രോഗവ്യാപനം ഒരു പരിധിവരെ തടയാനും ഇന്ത്യയ്ക്ക് കഴിഞ്ഞു ,അമേരിക്കയ്ക്ക് അതിനായില്ല .
ന്യൂയോർക്കിലാണ് രോഗബാധിതർ കൂടുതൽ .
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ഹബ്ബായ ന്യൂയോർക്ക് അടച്ചിടുകയെന്നത് അപ്രായോഗികമെങ്കിലും കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ഈ പകർച്ചവ്യാധിയെ അ വർക്ക് കൈകാര്യം ചെയ്യാമായിരുന്നു .
തുടക്കത്തിൽ കൊറോണയെന്ന കൊലയാളിയെ വെറുമൊരു ഫ്ലൂ വൈറസായിമാത്രം കണ്ട് വളരെ ലാഘവത്തോടെ അതിനെ കൈകാര്യം ചെയ്തതാണ് രോഗം എത്രയധികം വ്യാപിക്കാൻ കാരണമായത് .
എല്ലാ വർഷവും ഫ്‌ളൂ വന്ന് അമേരിക്കയിൽ ആയിരക്കണക്കിനാളുകൾ മരണപ്പെടുന്നുണ്ട് .ഇതിനെയും അവർ അങ്ങനെ കണ്ടു . ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന നല്ലൊരു ശതമാനം ആളുകളുണ്ട് .അതുകൊണ്ടാണ് അവർ ‘Covid-19 is a lie’ എന്ന പ്ലക്കാഡുമേന്തി ലോക്ക് ഡൗണിനെതിരെ നിരത്തിലിറങ്ങുന്നത്
വലിയൊരു ശതമാനം രോഗികൾ സുഖം പ്രാപിക്കുന്നു എന്നത് തർക്കമറ്റ കാര്യമാണ്. അതേ സമയം രോഗവ്യാപനവും മരണങ്ങളും ദിനംപ്രതി കൂടിക്കൊണ്ടുമിരിക്കുന്നു. മരണസംഖ്യ എത്രയെത്തുമെന്ന് പ്രവചിക്കനാർക്കുമാവുന്നില്ല . അതുകൊണ്ടുതന്നെ എത്ര ശതമാനം രോഗികൾ സുഖം പ്രാപിച്ചുവെന്നോ, മരണം വരിച്ചുവെന്നോ കൃത്യമായ ഒരു കണക്ക് ഇപ്പോൾ പറയാനാകില്ല.
പലർക്കും പല രീതിയിലാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത് . ചെറിയൊരു പനി വന്ന് സുഖമായവരുണ്ട് .അവരൊന്നും ടെസ്റ്റ് നടത്തിയിട്ടില്ല. അതുകൊണ്ട് രോഗബാധിതരുടെ എണ്ണം കൃത്യമല്ല പനി മൂർച്ഛിക്കുമ്പോൾ മാത്രമാണ് വൈദ്യസഹായം തേടുന്നത്. പ്രത്യേകിച്ച് ചുമ, ശ്വാസം മുട്ടൽ എന്നിവ അനുഭവപ്പെടുമ്പോൾ . പ്രായമായവരും, മറ്റ് ആരോഗ്യപ്രശ്നനങ്ങൾ ഉള്ളവരുമാണ് തുടക്കത്തിൽത്തന്നെ ഹോസ്പിറ്റലിൽ പോകാൻ തയാറാകുന്നത് .
അത്യാവശ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി . അക്കൂട്ടത്തിൽ nail പാർലറുകൾ തുറക്കാൻ അനുമതി നൽകിയതിലെ യുക്തി എന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഇവിടെ സ്ത്രീകൾ മുഖം മിനുക്കാനെടുന്നതിൽ കൂടുതൽ സമയവും കാശും നഖം മിനുക്കാൻ ചിലവഴിക്കും.
ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്ന് ഇന്ത്യയിൽ പരീക്ഷിച്ചു വിജയിച്ചിട്ടും ഇവിടെ അത് നല്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല. കാരണം, ഇന്ത്യയിലെ ഡോക്റ്റേർസിനെപ്പോലെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വതന്ത്ര്യം അമേരിക്കയിലെ ഡോക്ടർമാർക്കില്ല . അവർ നിയമത്തെ ഭയക്കുന്നു. ചികിത്സയിലെ ഒരു ചെറിയ പിഴവുപോലും അവരുടെ കരിയർ തകർക്കും.
പല്ലു ക്ളീൻ ചെയ്യുമ്പോൾപ്പോലും രോഗിക്ക് ലോക്കൽ അനസ്തേഷ്യ നൽകും . ഇല്ലെങ്കിൽ ക്ളീൻ ചെയ്തപ്പോൾ വേദനിച്ചു എന്ന പേരിൽ രോഗിക്ക് ഡോക്ടർക്കെതിരെ കേസ് ഫയൽ ചെയ്യാം.
ഒരു തമാശ പറയാം .
അമേരിക്കയിൽ ഒരു വീട്ടിൽ കള്ളൻ കയറി.ഫയർ പ്ളേസിലെ ചിമ്മിനിവഴി താഴേക്ക് ചാടിയ കള്ളന്റെ കാലിൽ ഒരു കത്തി കയറി മുറിഞ്ഞു.പിറ്റേ ദിവസം കള്ളൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമക്കെതിരെ കേസ് കൊടുത്തു.ഇത്തരത്തിലുള്ള വ്യവഹാരങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യമാണ് അമേരിക്ക.
ഇനിയും ഇതുപോലെ മനോഹരമായ ആചാരങ്ങൾ പലതുണ്ട്. അതിൽ ഏറ്റവും മനോഹരമായ ആചാരം ഹെൽത്ത് കെയർ സിസ്റ്റമാണ്. ക്ലിനിക്ക്- ഫാർമസി -ഇൻഷുറൻസ്, ഇത് മൂന്നും ചേർന്ന കഴുത്തറപ്പൻ പ്രസ്ഥാനം.സാധാരണക്കാരന് താങ്ങാവുന്നതിനപ്പുറമാണ് ചികിത്സാച്ചിലവുകൾ. ഓരോ പൗരനും ഹെൽത്ത് ഇൻഷുറൻസ് എടുത്തിരിക്കണം. അതില്ലാതെ ചികിത്സ അചിന്ത്യം. ഇതുണ്ടെങ്കിൽക്കൂടി ഡോക്ടർക്കുള്ള ഫീസ്, മരുന്നിന്റെ വില എന്നിവയ്ക്കുള്ള ഒരു നിശ്ചിത തുക നമ്മുടെ കൈയ്യിൽനിന്നടക്കണം.
ഇതൊന്നും സൗജന്യമായി കിട്ടുന്നതല്ല എന്നോർക്കണം. ഹെൽത്ത് കെയർ ടാക്സ്, ഫെഡറൽ ഇൻകം ടാക്സ്, സ്റ്റേറ്റ് ഇൻകം ടാക്സ്, SUI/ SDI ടാക്സ്, സോഷ്യൽ സെക്യൂരിറ്റി ടാക്സ് തുടങ്ങി നല്ലൊരു തുക മാസാമാസം നമ്മുടെ ശമ്പളത്തിൽനിന്ന് പിടിക്കുന്നുണ്ട് . എല്ലാ കിഴിവും കഴിഞ്ഞ് കൈയിൽ കിട്ടുന്ന ശമ്പളം കണ്ട് ആദ്യകാലത്തൊക്കെ കണ്ണ് തള്ളിപ്പോയിട്ടുണ്ട്. പിന്നീടതുമായി പൊരുത്തപ്പെടും. “സമ്പത്തുകാലത്ത് തൈ പത്തു വച്ചാൽ ആപത്തുകാലത്ത് കാ പത്തു തിന്നാം” എന്ന് നെടുവീർപ്പിടും.
അമേരിക്കയിൽ കോവിഡ് മരണങ്ങൾ അറുപതിനായിരം കവിഞ്ഞു. നിരാശാജനകമായ വാർത്തകളാണ് ഓരോ ദിവസവും ടിവിയിൽ കേട്ടുകൊണ്ടിരിക്കുന്നത്. അടുത്ത ശൈത്യകാലത്ത് ഈ വൈറസ് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നു കേൾക്കുന്നു. അതിനുമുമ്പ് ഇതിനൊരു പ്രതിവിധി കണ്ടെത്തുമെന്ന് നമുക്കാശിക്കാം.
Post Your Comments