തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾ മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ). ആവശ്യം ഉന്നയിച്ച് കേരള ചീഫ് സെക്രട്ടറിക്ക് അസോസിയേഷൻ കത്ത് നൽകുകയും ചെയ്തു.
സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ കലതാമസം ഇല്ലാതെ അനുമതി നൽകണമെന്നാണ് അസോസിയേഷന്റെ ആവശ്യം. കേരളത്തിലെ സ്വർണാഭരണശാലകളിൽ 90 ശതമാനവും ചെറിയ വ്യാപാരശാലകളാണ്. ഇതിൽ തന്നെ 70 ശതമാനവും സ്വയം തൊഴിൽ എന്ന നിലയിൽ പ്രവർത്തിക്കുന്നവയാണ്. കഴിഞ്ഞ 35 ദിവസത്തിലധികമായി അടഞ്ഞുകിടക്കുന്ന ചെറുകിട സ്വർണാഭരണശാല ഉടമസ്ഥർ കടക്കെണിയിലേക്കും, അവരെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്കും നീങ്ങുകയാണെന്നും അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.
ഒപ്പം സർക്കാർ നിർദ്ദേശിക്കുന്ന എന്ത് മാനദണ്ഡങ്ങളും പാലിക്കാൻ സ്വർണ വ്യാപാരികൾ തയ്യാറാണെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഡ്വ.എസ്.അബ്ദുൽ നാസർ വ്യക്തമാക്കി.
Post Your Comments