ബെയ്ജിങ്: കൊറോണ വൈറസ് വായുവില്‍ കൂടി പകരുമോ എന്ന ആശങ്കയുയർത്തി പുതിയ പഠനറിപ്പോർട്ട്. വുഹാനില്‍ കോവിഡ് രോഗികളെ ചികിത്സിച്ച രണ്ട് ആശുപത്രികളിലെ അന്തരീക്ഷവായുവില്‍നിന്നു ശേഖരിച്ച ദ്രവകണികയില്‍ (ഡ്രോപ്‌ലെറ്റ്) കൊറോണ വൈറസിന്റെ ജനിതകഘടന തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകര്‍ വെളിപ്പെടുത്തി. ‘നേച്ചര്‍’ എന്ന ശാസ്ത്ര മാസികയില്‍ ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുൻപ് ലാബുകളില്‍ പരീക്ഷണം നടത്തി ഇക്കാര്യം തെളിയിച്ചിരുന്നുവെങ്കിലും ആശുപത്രികളിലെ അന്തരീക്ഷവായുവില്‍നിന്നു ദ്രവകണികകള്‍ ശേഖരിക്കുന്നത് ആദ്യമായാണ്. ഈ ദ്രവകണികകള്‍ വായുവില്‍ കുറഞ്ഞതു രണ്ടു മണിക്കൂര്‍ വരെ തങ്ങിനില്‍ക്കുമെന്നാണ് പ്രഫ. ലിന്‍സെ മാര്‍ വ്യക്തമാക്കിയത്. ഏറോസോള്‍ എന്ന ചെറുദ്രവകണികയിലൂടെ വൈറസ് വ്യാപിക്കാനുള്ള സാധ്യതയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ശേഖരിച്ച സാംപിളുകളിലെ വൈറസ് മറ്റുള്ളവരിലേക്കു പടരാന്‍ സാധ്യതയുള്ളതാണോ എന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലോകാരോഗ്യ സംഘടന ഈ സാധ്യത തള്ളിക്കളഞ്ഞിരുന്നു. രോഗികളില്‍നിന്നുള്ള വലിയ ദ്രവകണികകളിലൂടെയാണ് വൈറസ് പടരുന്നതെന്നും അതു വായുവില്‍ അധികസമയം നിലനില്‍ക്കില്ലെന്നുമാണു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. വൈറസ് ഉള്‍ക്കൊള്ളുന്ന ദ്രവകണങ്ങള്‍ പറ്റിപ്പിടിച്ച പ്രതലത്തില്‍ തൊടുന്നതില്‍നിന്ന് മാത്രമേ രോഗം പടരുകയുള്ളുവെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.
Post Your Comments