മോസ്‌കോ : കോവിഡ് ലോകമെമ്പാടും ഭീതി വിതയ്ക്കുമ്പോള്‍ റഷ്യയില്‍ കോവിഡ് അല്ല ഭീഷണി. റഷ്യയിലിപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് മദ്യപാനം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീടുകളില്‍ അടച്ചിരിക്കേണ്ടിവന്ന റഷ്യക്കാര്‍ മടുപ്പും രോഗഭീതിയുമകറ്റാനും ഒറ്റപ്പെടലില്‍നിന്നു രക്ഷപ്പെടാനും മദ്യത്തെ ആശ്രയിച്ചുതുടങ്ങിയെന്നാണ് സൂചന. മദ്യത്തിന്റെ കുതിച്ചുയരുന്ന വില്‍പനക്കണക്കുകള്‍ ഈ ആശങ്ക ശരിവയ്ക്കുന്നു
സര്‍ക്കാരിന്റെ മദ്യപാന വിരുദ്ധ പ്രചാരണങ്ങളും വില്‍പന നിയന്ത്രിക്കാനുള്ള അധികാരികളുടെ നീക്കങ്ങളും മൂലം മദ്യപാനം റഷ്യയില്‍ കുറഞ്ഞുവരികയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 നും 2016 നും ഇടയില്‍ റഷ്യയിലെ മദ്യ ഉപഭോഗം 40 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ മദ്യപാന ശീലത്തില്‍ റഷ്യ ഫ്രാന്‍സിനെയും ജര്‍മനിയെയുംകാള്‍ പിന്നിലായി. എന്നാല്‍ കൊറോണ ലോക്ഡൗണില്‍ സമ്മര്‍ദത്തിലായ റഷ്യക്കാര്‍ പഴയ ശീലങ്ങളെ പുനരുജ്ജീവിപ്പിക്കുന്നെന്ന ആശങ്കയാണ് വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ മദ്യം വാങ്ങല്‍ കുതിച്ചുയര്‍ന്നു. മദ്യപാനത്തില്‍ നിന്ന് മുന്‍പു മുക്തി നേടിയവരും വീണ്ടും മദ്യപിക്കാന്‍ തുടങ്ങി.
ലോക്ഡൗണിലെ ആദ്യ ആഴ്ചയിലെ വില്‍പന 65 ശതമാനം ഉയര്‍ന്നതായി മാര്‍ക്കറ്റ് റിസര്‍ച് ഗ്രൂപ്പായ ജിഎഫ്‌കെ അഭിപ്രായപ്പെട്ടു. ക്യാംപെയ്ന്‍ ഗ്രൂപ്പായ സോബര്‍ റഷ്യ നടത്തിയ സര്‍വേയില്‍ 75 ശതമാനം ആളുകള്‍ പതിവിലും കൂടുതല്‍ മദ്യം വാങ്ങുന്നതായി റിപ്പോര്‍ട്ടുചെയ്തു. ഇത് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വാങ്ങുന്നതിനു സമാനമാണ്. പലരും മദ്യം സംഭരിച്ചു തുടങ്ങി.
ഇതിനിടെ, മദ്യത്തിന് കൊറോണ വൈറസിനെ തടയാന്‍ കഴിയുമെന്ന പ്രചാരണവുമുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും കരുതുന്നത് മദ്യം കോവിഡ് 19നെ പ്രതിരോധിക്കുമെന്നാണ്.
ഒരു വ്യക്തിക്ക് വാങ്ങാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനും മദ്യം വില്‍ക്കുന്ന കടകള്‍ അടയ്ക്കാനും സോബര്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments