മുംബൈ : ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ മരണത്തില്‍ ഏറെ ദു:ഖിതനായി അധോലോക ഡോണ്‍ ദാവൂദ് ഇബ്രാഹിം . ഋഷി കപൂര്‍ ദാവൂദിന് പ്രിയപ്പെട്ടവനായതിന്റെ പിന്നിലുള്ള കഥയും ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഋഷി കപൂര്‍ തന്റെ ആത്മകഥയില്‍ വിവരിയ്ക്കുന്നുണ്ട്. ഖുല്ലം ഖുല്ല എന്ന ആത്മകഥയിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിയ്ക്കുന്നത്. ആത്മകഥ പുറത്തുവന്നതോടെ ബോളിവുഡ് സിനിമാ ലോകത്തും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ചില കോളിളക്കങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. 1988ലാണ് ദാവൂദ് ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ച നടക്കുന്നതെന്ന് ഋഷി കപൂര്‍ പുസ്തകത്തില്‍ പറയുന്നു.
read also : പ്രശസ്ത ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
അഥോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം തുടങ്ങിയതു മുതലുള്ള കാര്യങ്ങളാണ് ഖുല്ലം ഖുല്ല എന്ന ആത്മകഥയില്‍ പറയുന്നത്. ദാവൂദുമായുള്ള ബന്ധത്തിന്റെ തുടക്കം ഇങ്ങനെ, ദുബായില്‍ ഉറ്റ സുഹൃത്ത് ഭിട്ടു ആനന്ദുമൊത്ത് ആശ ഭോസ്ലെ-ആര്‍.ഡി. ബര്‍മന്‍നിശയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അന്ന് ഋഷി. ‘വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോകുമ്പോള്‍ ഒരു അപരിചിതന്‍ അടുത്തു വന്ന് ഫോണ്‍ തന്ന് പറഞ്ഞു: ദാവൂദ് സാബിന് നിങ്ങളോട് സംസാരിക്കണം. 1993ലെ മുംബയ് സ്‌ഫോടന പരമ്പരയ്ക്ക് മുന്‍പായത് കൊണ്ട് ഒളിവില്‍ കഴിയുന്ന ഒരു പ്രതി എന്നു മാത്രമേ ദാവൂദിനെ കുറിച്ച് അറിയുമായിരുന്നുള്ളൂ. അയാള്‍ രാജ്യത്തിന്റെ പൊതുശത്രു ആണെന്ന ധാരണ ഉണ്ടായിരുന്നുമില്ല. നിങ്ങള്‍ക്ക് എന്തു സഹായം വേണമെങ്കിലും എന്നോട് ചോദിച്ചാല്‍ മതി എന്നായിരുന്നു ദാവൂദ് ഫോണില്‍ പറഞ്ഞത്. ദാവൂദിന്റെ വലംകൈ എന്നു പരിചയപ്പെടുത്തിയ ബാബ എന്നയാളാണ് ദാവൂദിന്റെ വീട്ടിലേയ്ക്ക് ചായ സത്കാരത്തിന് ക്ഷണിച്ചത്. അന്നതില്‍ അപാകതയൊന്നും തോന്നിയില്ല.അന്നു വൈകിട്ട് തന്നെ എന്നെയും സുഹൃത്ത് ഭിട്ടുവിനെയും ഹോട്ടലില്‍ നിന്ന് ഒരു മിന്നുന്ന റോള്‍സ് റോയ്‌സില്‍ ദാവൂദിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വഴി തിരിച്ചറിയാതിരിക്കാന്‍ വട്ടംകറങ്ങിയാണ് പോയതെന്ന് മനസ്സിലായി. കാറില്‍ ഉണ്ടായിരുന്നവര്‍ സംസാരിച്ചത് കച്ചി ഭാഷയാണ്. ഇറ്റാലിയന്‍ ശൈലിയില്‍ ഒരുങ്ങിനിന്ന ദാവൂദ് കൈ കൊടുക്കുകയും മദ്യം വിളമ്പാത്തതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഞാന്‍ മദ്യപിക്കാറില്ല. മദ്യം വിളമ്പാറുമില്ല. അങ്ങിനെ ചായയും ബിസ്‌ക്കറ്റും കഴിച്ച് നാല് മണിക്കൂര്‍ അവിടെ കഴിച്ചു. പണമോ മറ്റ് എന്തു വേണമെങ്കിലും ചോദിച്ചോളൂവെന്ന് അന്ന് ദാവൂദ് പറഞ്ഞു. ഈ സമയത്താണ് തന്റെ അധോലോക പ്രവര്‍ത്തനങ്ങളെ കുറിച്ച് ദാവൂദ് മനസ് തുറന്നത്. ഒരുപാട് മോഷണങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. ചിലരെ കൊല്ലിച്ചിട്ടുണ്ട്. പക്ഷേ ആരെയും കൊന്നിട്ടില്ല. ഈ പ്രവൃത്തികളിലൊന്നും ഞാന്‍ ഖേദിക്കുന്നുമില്ല. കള്ളം പറഞ്ഞ ഒരാളെ വെടിവച്ചു കൊന്ന കഥയും ദാവൂദ് പറഞ്ഞു. ഈ സംഭവമാണ് പിന്നീട് രാഹുല്‍ റവാലി അര്‍ജുന്‍ എന്ന സിനിമയാക്കിയത്.
പിന്നീടൊരിക്കല്‍ ഭാര്യയ്‌ക്കൊപ്പം ദുബായിലെ ഒരു കടയില്‍ ഷൂ വാങ്ങാന്‍ പോയപ്പോഴാണ് ദാവൂദിനെ കാണുന്നത്. 1989ലായിരുന്നു അത്. എട്ടോ പത്തോ അംഗരക്ഷകരുണ്ടായിരുന്നു അപ്പോള്‍ ദാവൂദിനൊപ്പം. ഞാന്‍ നിങ്ങള്‍ക്കൊരു ഷൂ വാങ്ങിത്തരട്ടെ എന്ന് ചോദിച്ചാണ് ദാവൂദ് അടുത്ത് വന്നത്. എന്നാല്‍, ഞാന്‍ അത് നിരസിച്ചു. എനിക്ക് ഫോണ്‍ നമ്പറും തന്നു. ഇന്ത്യയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായത് കൊണ്ടാണ് ദുബായില്‍ ഒളിവില്‍ കഴിയുന്നതെന്ന് ദാവൂദ് പറഞ്ഞു. എനിക്ക് അവിടെ ഒരുപാട് എതിരാളികളുണ്ട്. അതുപോലെതന്നെ ഞാന്‍ വിലകൊടുത്തു വാങ്ങിയവരുമുണ്ട്. ഞാന്‍ കാശ് കൊടുത്ത് പോറ്റുന്ന നിരവധി രാഷ്ട്രീയക്കാരുണ്ട് എന്റെ കീശയില്‍. ദാവൂദ് പറഞ്ഞു. എനിക്കിതിലൊന്നും താത്പര്യമില്ലെന്ന് പറഞ്ഞ് കഷ്ടിച്ചാണ് ഞാന്‍ ഒഴിഞ്ഞുമാറിയത്. പിന്നീട് ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവും ഉണ്ടായിട്ടില്ല.
Post Your Comments