ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ഗാങ്സ്റ്റര്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്നോ ഗുരുതരവാസ്ഥയിലാണെന്നോ ഒക്കെ പലതവണ അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് വിഷബാധയേറ്റെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. ദാവൂദ് ഇബ്രാഹിം ഇന്ന് എങ്ങനെ ഉണ്ടാകും? അതൊരു ട്രില്യൺ ഡോളറിന്റെ ചോദ്യമാണ്. 80കളിൽ ഇന്ത്യ വിട്ട ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോകൾ പരിമിതമാണ്. ഡസൻ കണക്കിന് വെടിവയ്പ്പുകളുമായി ബന്ധമുള്ള നാർക്കോ-ടെറർ ബോസ് കൊല്ലപ്പെട്ടതിന്റെ റിപ്പോർട്ടുകളൊന്നും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
1993ലെ മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരനായ ദാവൂദ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിഗൂഢ ജീവിതം തുടരുകയാണ്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. 257 പേർ കൊല്ലപ്പെടുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 1993ലെ ബോംബെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനായ ഇയാളുടെ ഇപ്പോഴത്തെ രൂപം ആരും കണ്ടിട്ടില്ല. ദാവൂദിന്റെ ഒരു എ.ഐ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യാ ടുഡേയുടെ ഫോട്ടോഗ്രാഫർ രാഹുൽ ഗുപ്ത ക്രിയേറ്റ് ചെയ്ത എ.ഐ ഫോട്ടോ ആണ് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നെല്ലാം പലതവണ അഭ്യൂഹം പരന്നിരുന്നു. അതേസമയം ദാവൂദിന്‍റെ ഗ്യാങ് ഇതെല്ലാം നിഷേധിക്കുകയും ജീവനോടെയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. 1970കളില്‍ തുടങ്ങിയ ദാവൂദിന്‍റെ ഡി കമ്പനി കൊലപാതകം, പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2003ൽ ഇന്ത്യയും യുഎസും ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25 മില്യൺ ഡോളർ പാരിതോഷികം യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും പതിറ്റാണ്ടുകളായി പിടിക്കപ്പെടാതെ ഒളിവുജീവിതം തുടരുകയാണ് ദാവൂദ് ഇബ്രാഹിം.
(ചിത്രത്തിന് കടപ്പാട്: ഇന്ത്യ ടുഡേ)
Post Your Comments