KeralaLatest News

കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും പറഞ്ഞു പരത്തിയത്, ഇപ്പോഴത്തെ രോഗ വ്യാപനം സര്‍ക്കാരിന്‍റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് വി മുരളീധരന്‍

ഇന്നലെ സർക്കാർ പ്രഖ്യാപിക്കുന്ന കോവിഡ് കണക്കുകളിൽ എന്തോ മറച്ചു വെക്കുന്നുണ്ടെന്നു കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇടുക്കിയിലും കോട്ടയത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സർക്കാരിന് വലിയ വീഴ്ച വന്നതായും അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇവിടങ്ങളില്‍ സാഹചര്യം ഇത്രയും വഷളാകാന്‍ കാരണമെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഇന്നലെ സർക്കാർ പ്രഖ്യാപിക്കുന്ന കോവിഡ് കണക്കുകളിൽ എന്തോ മറച്ചു വെക്കുന്നുണ്ടെന്നു കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

കൊവി‍‍ഡ് മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യമൊന്നാകെ ലോക് ഡൗണിൽ ആയിട്ട് ഒരുമാസം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി തന്നെ പലതവണ ഓ‍ർമിപ്പിച്ചത്. അവസാനത്തെ രോഗിയും സുഖം പ്രാപിച്ചാലേ രാജ്യം സുരക്ഷിതമായി എന്ന് പറയാനാകൂ. അല്ലാത്തപക്ഷം നാമെല്ലാവരും കൊവിഡ് രോഗത്തിന്റെ നോട്ടപ്പുള്ളികളാണ്. എപ്പോൾ വേണമെങ്കിലും നമ്മെ കീഴ്പ്പെടുത്താൻ വൈറസ് ട്രിഗർ അമ‍ർത്താം.

ലോകരാജ്യങ്ങളിൽ പലയിടത്തും നാം ഇത് കണ്ട് കഴിഞ്ഞു. ജാഗ്രതയുടെ കണ്ണൊന്ന് തെറ്റിയാൽ അത് അപകടമാകും.എന്നാൽ ഇക്കാര്യത്തിൽ കേരളത്തിന് പിഴവ് പറ്റിയോ എന്ന് കൂടി ആലോചിക്കേണ്ട സമയമാണ്. രാജ്യമൊന്നാകെ യുദ്ധസമാന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ കേരളത്തിലെ ഇടതുസർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് നാം ഇടുക്കിയിലും കോട്ടയത്തും കാണുന്നത്.

എറ്റവും സുരക്ഷിതമായ ഗ്രീൻ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോൾ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീൻ സോൺ, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പി ആറുകാരും ആവർത്തിച്ചിരുന്നത്. എന്നാൽ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സർക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല.

മറ്റുളളവർ സർക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട് , കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ പെരുമാറണം. എന്നിട്ട് സംസ്ഥാനത്ത് കൊവിഡ്ടെസ്റ്റുകൾ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കിൽ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം.അതീവ ജാഗ്രത തുടരാം. അതിൽ വിട്ടുവീഴ്ച ഇനി പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button